തടവുകാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന പരപ്പന അഗ്രഹാര ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

Update: 2025-09-11 08:00 GMT

ബെംഗളൂരു : വിചാരണ തടവുകാര്‍ക്കും ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്കും രഹസ്യമായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തതും നടന്‍ ദര്‍ശന് നല്‍കിയ രാജകീയ ആതിഥ്യമര്യാദയുടെയും പേരില്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ ഒന്നാണ് പരപ്പന അഗ്രഹാര ജയിലില്‍. ജയില്‍ വാര്‍ഡന്‍ തടവുകാര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് റിപോര്‍ട്ട് എത്തിയതോടെ പരപ്പന അഗ്രഹാര വീണ്ടും വിവാദ വിഷയമായിരിക്കുകയാണ്.

തടവുകാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന ജയില്‍ വാര്‍ഡന്‍ കല്ലപ്പ എച്ച് അബാച്ചി അറസ്റ്റിലായി. ഇയാളില്‍ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന 100 ഗ്രാം ആഷിഷ് ഓയില്‍ പിടിച്ചെടുത്തു.

മുന്‍ സൈനികനായ കല്ലപ്പ, ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സ്വമേധയാ വിരമിച്ച് 2018 ല്‍ മുന്‍ സൈനികരുടെ ക്വാട്ടയില്‍ ജയില്‍ സര്‍വീസില്‍ ചേര്‍ന്നു. മുമ്പ് ധാര്‍വാഡ് ജയിലില്‍ വാര്‍ഡറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തെ മൂന്ന് മാസം മുമ്പാണ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.ഞായറാഴ്ച രാത്രി ജയിലില്‍ ഡ്യൂട്ടിക്ക് റിപോര്‍ട്ട് ചെയ്യുന്നതിനിടെ പ്രവേശന കവാടത്തിന് സമീപം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കല്ലപ്പയെ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് പുകയിലയും ആഷിഷ് ഓയിലും കണ്ടെത്തുകയായിരുന്നു.

Tags: