പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍: സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം

Update: 2022-06-18 08:22 GMT

കോഴിക്കോട്: കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച തിയ്യതി മുതല്‍ ഓരോ അഞ്ചുവര്‍ഷവും പൂര്‍ത്തിയാവുന്ന മുറയ്ക്കാണ് സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ പാരാമെഡിക്കല്‍ കൗണ്‍സിലില്‍ പുതുക്കേണ്ടത്. അഞ്ച് വര്‍ഷം മുമ്പ് രജിസ്‌ട്രേഷന്‍ ലഭിച്ചവര്‍ക്ക് ഓരോ അഞ്ചുവര്‍ഷത്തേക്കുമുള്ള ഫീസടച്ച് രജിസ്‌ട്രേഷന്‍ പുതുക്കാം. രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ അതിനായി അഡീഷനല്‍ സെക്രട്ടറി & സെക്രട്ടറി, പാരാമെഡിക്കല്‍ കൗണ്‍സില്‍, ആരോഗ്യകുടുംബക്ഷേമ വകുപ്പ്, 6ാം നില, അനക്‌സ് 2, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം അസല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും നല്‍കണം. ഓരോ അഞ്ചുവര്‍ഷ കാലയളവിലേക്കും 500 രൂപ വീതം ഫീസ് അടയ്ക്കണം. നിലവില്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കാലാവധി രേഖപ്പെടുത്തുന്നതിന് വെള്ളക്കടലാസിലുള്ള അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. ഇതിന് പ്രത്യേക ഫീസ് ആവശ്യമില്ല. സെക്രട്ടറി, കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍, തിരുവനന്തപുരം എന്ന പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം സിറ്റി ബ്രാഞ്ചില്‍ (ബ്രാഞ്ച് കോഡ്: 70028) മാറാവുന്നവിധം ഡിമാന്റ് ഡ്രാഫ്റ്റായി അപേക്ഷാഫീസ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0471 2518631.

Tags:    

Similar News