പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍; ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരും, തീരത്ത് ജാഗ്രത
തൃശൂര്‍: പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായി. മൂന്ന് ഷട്ടറുകളില്‍ ഒരെണ്ണത്തിനാണ് തകരാര്‍ കണ്ടെത്തിയത്. മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റര്‍ തുറന്നുവച്ചിരുന്നു. ഇതില്‍ മധ്യഭാഗത്തെ ഷട്ടര്‍ കൂടുതല്‍ ഉയരുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിട്ടതിനാല്‍ ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെയെത്താനിടയുണ്ട്. പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, ചാലക്കുടി പുഴയോരത്ത് ജാഗ്രത പുറപ്പെടുവിച്ചു. മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കും.