പാനൂര്‍ സ്‌ഫോടനം; നിരപരാധികളായ ഡിവൈഎഫ്ഐ നേതാക്കളെ പ്രതികളാക്കുന്നുവെന്ന സിപിഎം വാദത്തെ തള്ളി പോലിസ്

Update: 2024-04-09 10:55 GMT

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനകേസില്‍ നിരപരാധികളായ ഡിവൈഎഫ്ഐ നേതാക്കളെ പ്രതികളാക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദത്തെ തള്ളി പോലിസ്. അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് അമല്‍ ബാബുവിനെതിരെ തെളിവുണ്ടെന്ന് പോലിസ് റിപോര്‍ട്ട്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു.

സ്‌ഫോടനം നടന്ന ഉടനെ അമല്‍ സംഭവസ്ഥലത്തെത്തി. പ്രദേശത്തുണ്ടായിരുന്ന മറ്റു ബോംബുകള്‍ 200 മീറ്റര്‍ അകലെ ഒളിപ്പിച്ചുവച്ചു. കൂടാതെ സംഭവസ്ഥലത്ത് മണല്‍ കൊണ്ടുവന്നിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. ബോംബ് നിര്‍മ്മിച്ചവരുമായി ഇയാള്‍ ഫോണില്‍ ആശയവിനിമയം നടത്തിയത് സംബന്ധിച്ച തെളിവുകളും പോലിസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സിപിഎമ്മിന്റെ കുന്നോത്ത് പറമ്പിലെ വൊളന്റിയര്‍ ക്യാപ്റ്റനാണ് അമല്‍ ബാബു. നേരത്തെ ഡിവൈഎഫ്‌ഐയുടെ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡിവൈഎഫ്‌ഐ സഖാവിനേയാണ് പോലിസ് പ്രതിചേര്‍ത്തതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നല്‍കാനുംവേണ്ടി പ്രവര്‍ത്തിച്ചത് ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.

Tags: