പന്നിയങ്കര ടോള്‍: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സമവായമുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ബസുടമകള്‍ അറിയിച്ചു

Update: 2022-04-28 04:35 GMT

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയിലെ വര്‍ധിപ്പിച്ച് ടോള്‍ നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച തൃശൂര്‍, പാലക്കാട് ജില്ലയിലെ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. രണ്ടു ജില്ലകളില്‍ നിന്ന് ഒരിടത്തേക്കും സ്വകാര്യ ബസ് സര്‍വീസുണ്ടാകില്ലെന്നാണു സംയുക്ത സമരസമിതി അറിയിച്ചിട്ടുള്ളത്.

പ്രതിമാസം പതിനായിരം രൂപാ ടോള്‍ നല്‍കാനാവില്ലെന്നാണ് ബസ് ഉടമകളുടെ വാദം. ഇരുപത് ദിവസമായി തുടരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് ഏകദിന സൂചനാ സമരം. അതേസമയം ദീര്‍ഘദൂര ബസുകള്‍ ചിലത് സര്‍വീസ് നടത്തുന്നുണ്ട്.

മറ്റ് ടോള്‍ ബൂത്തുകളെ അപേക്ഷിച്ച് പന്നിയങ്കരയില്‍ ഭീമമായ തുക ഈടാക്കുന്നുവെന്നാണ് ആക്ഷേപം. സമവായമുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ബസുടമകള്‍ അറിയിച്ചു.വര്‍ധിപ്പിച്ച ടോള്‍ നിരക്കിനെതിരേ ടിപ്പര്‍ ലോറികളും ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാണ് ഇവര്‍ നല്‍കേണ്ടത്. കഴിഞ്ഞ മാര്‍ച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത്.

Tags: