ലോഡ് കണക്കിന് കടല്‍മാലിന്യം വിനോദ സഞ്ചാര കേന്ദ്രത്തില്‍ തള്ളി പഞ്ചായത്ത് അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാര്‍

Update: 2021-05-18 03:46 GMT

ചാലിയം: ഡങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള കടല്‍മാലിന്യങ്ങള്‍ അലക്ഷ്യമായി വിനോദ സഞ്ചാര കേന്ദ്രത്തിലെ പുഴയോരത്ത് തള്ളി കടലുണ്ടി ഗ്രാമപഞ്ചായത്ത് അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ ചാലിയം കോട്ടക്കണ്ടി, കടുക്കബസാര്‍, കപ്പലങ്ങാടി, കടലുണ്ടിക്കടവ് വരെയുള്ള പ്രദേശങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യമാണ് ദിനംപ്രതി നൂറുകണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ചാലിയം ബേപ്പൂര്‍ അഴിമുഖത്തോട് ചേര്‍ന്നുള്ള ചാലിയം പുളിമുട്ടില്‍ തള്ളിയത്.

വാര്‍ഡ് മെമ്പറുടെ അനുമതി ഇല്ലാതെ പഞ്ചായത്ത് പ്രസിഡന്റ, വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലോഡ് കണക്കിന് മാലിന്യം പുഴയോരത്ത് തള്ളിയത്.

നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ മാലിന്യം നിക്ഷേപിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും അര്‍ധരാത്രിയില്‍ വീണ്ടും നിരവധി ലോഡ് മാലിന്യം തള്ളിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ കടല്‍ക്കരയിലും സംഘം മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. നിരവധി കൊവിഡ് മരണങ്ങളും ഡങ്കിപ്പനി ഉള്‍പ്പെടെയുള്ള നിരവധി പകര്‍ച്ചാ വ്യാധികളും റിപോര്‍ട്ട് ചെയ്ത പ്രദേശത്ത് പഞ്ചായത്ത് അധികൃതര്‍ തന്നെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നൂറുകണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന പ്രദേശത്ത് അലക്ഷ്യമായി തള്ളിയത് വന്‍ വിവാദമായിരിക്കുകയാണ്. മാലിന്യം ഇവിടെ നിന്നു നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.