പമ്പാ മണല്‍ക്കടത്ത്: അഴിമതിക്കാരെ സംരക്ഷിക്കാന്‍ ശ്രമം; പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Update: 2022-04-27 09:02 GMT

തിരുവനന്തപുരം: പമ്പാ മണല്‍ക്കടത്ത് കേസില്‍ പോരാട്ടം തുടരുമെന്നതില്‍ അഴിമതിക്കാര്‍ക്കും ആരോപണ വിധേയര്‍ക്കും സംശയം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2018ലെ പ്രളയത്തെത്തുടര്‍ന്ന് പമ്പാതീരത്ത് കുമിഞ്ഞുകൂടിയ 90,000 ഘന മീറ്റര്‍ മണലും ചെളിയും സൗജന്യമായി നീക്കം ചെയ്യാന്‍ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ ക്ലേയ്‌സ് ആന്‍ഡ് സെറാമിക് പ്രോഡക്റ്റ് കമ്പനിക്ക് അനുമതി നല്‍കിയത് അഴിമതിനീക്കമെന്നാണ് ചെന്നിത്തലയുടെ ആരോപണം. അതിനെതിരേ നല്‍കിയ ഹരജിയില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത് വിജിലന്‍സാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മണലും ചെളിയും നീക്കാന്‍ അന്നത്തെ പത്തനംതിട്ട ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. വനംവകുപ്പിന്റെ അനുമതിയില്ലാതെയുള്ള ഉത്തരവ് കോടികളുടെ മണല്‍ കൊള്ള നടത്താനാണെന്നും അതുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി (17എ )അനുസരിച്ച് എത്ര വലിയ അഴിമതിയിലും വിജിലന്‍സിനു പരാതി ബോധിപ്പിച്ചാല്‍ പ്രാഥമികമായ അന്വേഷണം പോലും നടത്തണമെങ്കില്‍ കുറ്റാരോപിതന്റെ നിയമനാധികാരിയുടെ മുന്‍കൂട്ടിയുള്ള അനുമതി നിര്‍ബന്ധമാണ്. ഈ പഴുതുപയോഗിച്ച് അഴിമതി ആരോപണങ്ങളെ അതിന്റെ ഭ്രൂണാവസ്ഥയില്‍ തന്നെ കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

''ഈ നിയമത്തിന്റെ 'സാധ്യതകള്‍' പമ്പാ മണല്‍ക്കടത്തിലെ ആരോപണ വിധേയരെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉപയോഗിച്ചു. ഇതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. കേസിന്റെ ഗൗരവം ബോധ്യപ്പെട്ട കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. 17എയില്‍ ഭേദഗതി വന്നശേഷം കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുന്ന ആദ്യ കേസാണിത് എന്ന പ്രത്യേകത കൂടി പമ്പാ മണല്‍ കടത്ത് കേസിനുണ്ട്. എന്നാല്‍, ഈ വിധിക്കെതിരെ, അഴിമതി മൂടിവെക്കുന്നതിനുവേണ്ടി വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി. അഴിമതിക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇവിടെ കേസ് റദ്ദാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ടി വന്നില്ല എന്നര്‍ത്ഥം. അവര്‍ ഗാലറിയിലിരുന്ന് കളി കാണുന്നു. അഴിമതി അന്വേഷിക്കേണ്ട വിജിലന്‍സ് മേധാവി അവര്‍ക്കുവേണ്ടി കോടതി കയറിയിറങ്ങുന്നു. ചുരുക്കത്തില്‍, പമ്പാ മണല്‍ കടത്ത് കേസില്‍ അന്വേഷണം ഇല്ലാതാക്കി അഴിമതി പുറത്തുവരാതിരിക്കാന്‍ വാങ്ങിയ വിധിയാണിത്. ഹൈക്കോടതിയുടെ തന്നെ മുന്‍കാല വിധി അനുസരിച്ച് 17 എ എന്ന കടമ്പ ഈ കേസില്‍ ബാധകമല്ല''- ഇതെല്ലാം ചോദ്യം ചെയ്തുകൊണ്ട് നിയമപോരാട്ടം തുടരുകതന്നെ ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു.

Tags: