പാലൊളി സംഭവം: കുറ്റകൃത്യങ്ങള്‍ക്ക് സാമുദായികമുഖം നല്‍കി വിഷം വമിപ്പിക്കുന്നു; സിപിഎം കുപ്രചാരണങ്ങള്‍ക്കെതിരേ എസ്ഡിപിഐ
കോഴിക്കോട്: പൊലൊളിയില്‍ യുവാവ് മര്‍ദ്ദിക്കപ്പെട്ട സംഭവം രാഷ്ട്രീയലാഭത്തിനുപയോഗിക്കുന്ന സിപിഎം നിലപാടിനെതിരേ എസ്ഡിപിഐ. പിന്നാക്ക യുവാവിനെ ഉപയോഗിച്ച് അക്രമങ്ങള്‍ നടത്തുകയും സാമുദായിക മുഖം നല്‍കി വിഷയത്തെ വഴിതിരിച്ചുവിടുകയും ചെയ്യുന്ന ഹീനരീതിയാണ് സിപിഎം സ്വീകരിക്കുന്നത്. വീടുകള്‍, കടകള്‍, കൊടികള്‍, ഫഌക്‌സ് ബോര്‍ഡുകള്‍, ലൈബ്രറികള്‍ തുടങ്ങിയവ സ്ഥിരമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കാതെ ഹീനമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് പോലിസ് അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനുപകരം എസ്ഡിപിഐയുടെ ബോര്‍ഡ് നശിപ്പിക്കപ്പെടുന്ന നേരത്ത് മര്‍ദ്ദനമേറ്റതുകൊണ്ട് എസ്ഡിപിഐക്കാരാണ് മര്‍ദ്ദിച്ചതെന്ന് ആരോപിക്കുന്ന രീതി ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ബോര്‍ഡ് കീറുന്നതുപോലുള്ള സംഭവങ്ങള്‍ ധാരാളം നടന്നിരുന്നു. അതിലൊന്നും കേസെടുത്തിട്ടില്ല. ഒടുവില്‍ അക്രമം നടത്തുന്ന സമയത്ത് ജിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ഇതാണ് സംഭവിച്ചത്. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന രീതി ശരിയല്ല. വിഭാഗീയത സൃഷ്ടിക്കുന്നതില്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ പങ്കുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അക്രമത്തെ എസ്ഡിപിഐയുടെ കഴുത്തില്‍ ചുറ്റുന്ന രീതി അവസാനിപ്പിക്കണമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി ടി ടി അഹമ്മദ്, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് നവാസ് നടുവണ്ണൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
