പാലോട് മോഷണം: പ്രതികളായ പിതാവും മകനും പോലിസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി
തിരുവനന്തപുരം: പാലോട് മേഖലയിൽ അഞ്ചുകടകളിലും സെന്റ് മേരീസ് പള്ളിയിലും ഒറ്റരാത്രിയിൽ മോഷണം നടത്തിയ കേസിൽ പിടിയിലായ പിതാവും മകനും പോലിസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ സെയ്തലവിയും പിതാവ് അയ്യൂബ്ഖാനുമാണ് വയനാട്ടിൽനിന്ന് പിടികൂടി പാലോടിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ടത്.
കടയ്ക്കൽ ചുണ്ടയിലായിരുന്നു സംഭവം. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പോലിസ് വാഹനം നിർത്തിയതോടെ ഒരാളുടെ കൈവിലങ്ങ് ഊരിക്കൊണ്ട് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ കടന്നുകളഞ്ഞത് മലയോര പ്രദേശമായതിനാൽ വിവിധ സ്റ്റേഷനുകളിലെ പോലിസ് സംഘങ്ങൾ ചേർന്നാണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്.
നന്ദിയോട് കള്ളിപ്പാറയിൽ വാടകയ്ക്ക് താമസിച്ചാണ് പ്രതികൾ പാലോട് മോഷണം നടത്തിയതെന്ന് പോലിസ് വ്യക്തമാക്കി. മോഷണത്തിന് പിന്നാലെ കെട്ടിടത്തിന്റെ ഉടമയെ അറിയിക്കാതെയും താക്കോൽ കൈമാറാതെയും ഇവർ മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴികാട്ടിയത്.
മുൻപ് പെരിങ്ങമ്മല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരവധി മോഷണങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. വെഞ്ഞാറമൂട് സ്റ്റേഷനിലും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.