പാലിയേക്കര ടോള്‍ പിരിവ്: ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി ഗതാഗതം സുതാര്യമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രിംകോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹരജിക്കാരന്‍ ആരോപിച്ചു. ദേശീയപാതയിലെ നിരവധി ഭാഗങ്ങള്‍ ഇന്നും ഗതാഗതയോഗ്യമല്ലെന്നും ഇത്തരം സാഹചര്യത്തില്‍ ടോള്‍ പിരിവിന് അനുമതി നല്‍കുന്നത് പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബര്‍ 17നാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. 71 ദിവസത്തെ വിലക്കിനുശേഷമായിരുന്നു തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പിരിവ് അനുവദിച്ചതെങ്കിലും പിരിവ് പുനരാരംഭിച്ചതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദേശീയപാത അതോറിറ്റി നിര്‍ത്തിവച്ചതായി ഹരജിയില്‍ പറയുന്നു.
ദേശീയപാതയില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ടോള്‍ പിരിവ് അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍മാണ കമ്പനിയും ദേശീയപാത അതോറിറ്റിയും പണി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് പാലിക്കാതെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു.