പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: മഹാരാഷ്ട്ര സിഐഡി പ്രതികള്‍ക്കെതിരേ രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു

Update: 2020-07-16 01:22 GMT

പൂനെ: പൂനെ കുറ്റന്വേഷണ വിഭാഗം പാര്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചു. മഹാരാഷ്ട്രയിലെ കാന്തിവല്ലിയില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന രണ്ട് സന്യാസിമാരടക്കം മൂന്നുപേരെയാണ് പാല്‍ഘാറില്‍ വച്ച് ആള്‍ക്കൂട്ടം ഏപ്രില്‍ 16ന് തല്ലിക്കൊന്നത്. മൂന്നാമന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് മൂവര്‍ക്കുമെതിരേ ആക്രമണം അഴിച്ചുവിട്ടത്.

സംഭവത്തെ തുടര്‍ന്ന് തയ്യാറാക്കിയ എഫ്‌ഐആറില്‍ പല്‍ഘാര്‍ പോലിസ് ആദ്യം 110 പേരെ പ്രതിചേര്‍ത്തു. പിന്നീട് പ്രതികളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രതികള്‍ക്കെതിരേ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുളളത്.

പൂനെ പോലിസ് നല്‍കിയ വിവരമനുസരിച്ച് 808 പേരെ സംശയത്തിന്റെ പേരില്‍ പിടികൂടി അന്വേഷണം നടത്തി, 118 സാക്ഷികളെ വിസ്തരിച്ചു. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 154 പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. അതില്‍ 11 പേര്‍ കുട്ടികളാണ്. ഇതുവരെ ആര്‍ക്കും ജാമ്യം അനുവദിച്ചിട്ടില്ല.

കേസില്‍ മൂന്ന് എഫ്‌ഐആര്‍ആണ് ചാര്‍ജ് ചെയ്തിരുന്നത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഏപ്രില്‍ 21 ന് സിഐഡി കേസുകള്‍ ഏറ്റെടുത്തു. ക്രൈബ്രാഞ്ചിന്റെ കൊകാന്‍ ഭവന്‍ യൂണിറ്റ് മേധാവി എസ് പി മാരുതി ജഗ്താബിനായിരുന്നു കേസിന്റെ ചുമതല. ഇപ്പോള്‍ എല്ലാ കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

സന്യാസിമാര്‍ ഉള്‍പ്പെട്ട സംഘത്തെ തല്ലിക്കൊന്നത് മുസ്‌ലിംകളാണെന്ന് സംഘപരിവാര സംഘടനകള്‍ ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിയതിനു ശേഷമാണ് പ്രചാരണത്തിന് അന്ത്യമായത്. 

Tags:    

Similar News