പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: കൊലപാതകം ആസൂത്രിതമല്ല, വ്യാജപ്രചാരണത്തിന്റെ ഭാഗമെന്ന് കുറ്റപത്രം

Update: 2020-07-16 07:04 GMT

പൂനെ: പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല ആസൂത്രിതമല്ലെന്നും വ്യാജപ്രചാരണത്തിന്റെ ഭാഗമെന്നും മഹാരാഷ്ട്ര സിഐഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കുട്ടികളെ കടത്തുന്നവരും കള്ളന്മാരും വേഷം മാറി വരുന്നെന്ന വ്യാജപ്രചാരണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രം കണ്ടെത്തിയിട്ടുണ്ട്. സിഐഡി വിഭാഗം പര്‍ഘാര്‍ കൊലപാതകത്തില്‍ രണ്ട് ചാര്‍ജ് ഷീറ്റുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയിലെ കാന്തിവല്ലിയില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന രണ്ട് സംന്യാസിമാരടക്കം മൂന്നു പേരെയാണ് പാല്‍ഘാറില്‍ വച്ച് ആള്‍ക്കൂട്ടം ഏപ്രില്‍ 16ന് കല്ലെറിഞ്ഞ് കൊന്നത്. മൂന്നാമന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ െ്രെഡവറാണ്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് മൂവര്‍ക്കുമെതിരേ ആക്രമണം അഴിച്ചുവിട്ടത്.

ഗുജറാത്തിലെ സൂറത്തിലേക്ക് ഒരു മരണാവശ്യത്തില്‍ പങ്കെടുക്കുന്നതിന് പോവുകയായിരുന്ന സംന്യാസിമാരായ ചിക്‌നെ മഹാരാജ് കല്‍പവൃക്ഷഗിരി (70), സുശില്‍ ഗിരി മഹാരാജ്(35), അവരുട ഡ്രൈവര്‍ നീലേഷ് തെല്‍ഗെയ്ഡ് (30) എന്നിവരാണ് ഏപ്രില്‍ 16 ന് പല്‍ഘാര്‍ ഗാഡ്ചിന്‍ചെലെ ഗ്രാമത്തില്‍ വച്ച് കൊലചെയ്യപ്പെട്ടത്.

ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സാധാരണ വഴിയില്‍ നിന്ന് മാറി യാത്ര ചെയ്യാന്‍ സംന്യാസിമാര്‍ ഡ്രൈവറോട് പറഞ്ഞതുകൊണ്ടാണ് മൂവരും കൊലചെയ്യപ്പെട്ട ഗ്രാമം വഴി വണ്ടി തിരിച്ചുവിടുന്നത്. വനപ്രദേശത്തിനടുത്ത ഗ്രാമത്തിലൂടെ അസാധാരണമായി വന്ന വാഹനം ഗ്രാമവാസികളില്‍ സംശയമുയര്‍ത്തി. ആ സമയത്തുതന്നെ പ്രദേശത്ത് കുട്ടികളെ പിടിക്കുന്നവര്‍ വേഷം മാറിവരുന്നുണ്ടെന്ന വ്യാജവാര്‍ത്തയും പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 500ഓളം വരുന്ന ജനക്കൂട്ടം മൂവരെയും ആക്രമിക്കുന്നത്. ഇവരെ രക്ഷിക്കാന്‍ പോലിസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ക്കും രക്ഷിക്കാനായില്ല- കുറ്റപത്രത്തില്‍ പറയുന്നു.

കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡി. ഡിജിപി അതുല്‍ചന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. വ്യാജവാര്‍ത്ത പരന്നതിനെ കുറിച്ചുള്ള ഫോറന്‍സിക് തെളിവുകളും ഫോണുകളുടെ കോള്‍ ലിസ്റ്റും ഓണ്‍ലൈന്‍ വഴി സന്ദേശം കൈമാറിയതിന്റെ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് അന്വേഷണത്തില്‍ സഹകരിച്ച പൊലിസുകാരിലൊരാള്‍ പറഞ്ഞതായി മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് 800ഓളം പേരെ പോലിസ് ചോദ്യം ചെയ്തു. നൂറോളം സാക്ഷികളെയും വിസ്തരിച്ചു. 11,000 പേജ് വരുന്ന കുറ്റപത്രമാണ് തയ്യാറാക്കിയിട്ടുള്ളത്.

പല ഘട്ടങ്ങളിലായി നൂറില്‍ കൂടുതല്‍ പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ രണ്ട് കുറ്റപത്രങ്ങളിലായി 128 പേരുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്. അതില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. നേരത്തെ 11 പ്രായപൂര്‍ത്തിയാവാത്തവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നത്.

സംഭവം നടന്ന ഉടന്‍ തന്നെ സംന്യാസിമാര്‍ ഉള്‍പ്പെട്ട സംഘത്തെ കൊന്നത് മുസ്‌ലിംകളാണെന്ന് സംഘപരിവാര സംഘടനകള്‍ ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിയതിനു ശേഷമാണ് പ്രചാരണത്തിന് അന്ത്യമായത്. 

Tags:    

Similar News