പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊല: വാദിഭാഗം അഭിഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ചു

വാദിഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷക സംഘത്തിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ദ്വിഗ്വിജയ ത്രിവേദി.

Update: 2020-05-15 04:25 GMT

മുംബൈ: പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതകക്കേസില്‍ വാദിഭാഗം അഭിഭാഷകനായ ദിഗ്വിജയ് ത്രിവേദി വാഹനാപകടത്തില്‍ മരിച്ചു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ അഹമ്മദാബാദ് ദേശീയപാതയിലാണ് അപകടം. വാദിഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷക സംഘത്തിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ദ്വിഗ്വിജയ ത്രിവേദി.

ദിഗ്വിജയ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ദിഗ്വിജയ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തതിന് അടുത്ത ദിവസമാണ് അപകടം ഉണ്ടായത്.

ഇതോടെ അഭിഭാഷകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. കേസില്‍ വീണ്ടും സിബിഐ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. എന്നാല്‍ ദിഗ്വിജയിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കേസില്‍ ഹാജരാകുന്ന മറ്റൊരു സീനിയര്‍ അഭിഭാഷകന്‍ പി എന്‍ ഓജ വ്യക്തമാക്കി.

ഏപ്രില്‍ പതിനാറിനാണ് മഹാരാഷ്ട്രയിലെ പാര്‍ഘറില്‍ രണ്ട് സന്ന്യാസികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു.സംഭവത്തില്‍ 120 ഓളം പേരെ ഇതു വരെ അറസ്റ്റ് ചെയ്തു. 35 പൊലീസുകാരെ സ്ഥലം മാറ്റി. പാല്‍ഘര്‍ എസ്പി കുനാല്‍ സിങ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.

Tags: