പാലത്തായി കേസ്: പ്രതി ബിജെപി നേതാവ് പത്മരാജനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു

Update: 2025-11-23 06:47 GMT

തിരുവനന്തപുരം: പാലത്തായി പോക്‌സോ കേസ് പ്രതി ബിജെപി നേതാവ് പത്മരാജനെ അധ്യാപകജോലിയില്‍ നിന്നു പിരിച്ചുവിട്ട് ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ക്ക് കേസില്‍ മരണംവരെ തടവ് കോടതി വിധിച്ചിരുന്നു. നേരത്തെ തന്നെ ഇയാളെ സ്‌കൂളില്‍നിന്നു പിരിച്ചുവിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

കേരളത്തിലെ അധികാര വ്യവസ്ഥയില്‍ ബിജെപിക്ക് നേരിട്ട് പങ്കില്ലാതിരുന്നിട്ടും പത്മരാജനെ സംരക്ഷിക്കാന്‍ വലിയ ശ്രമങ്ങളാണ് നടന്നത്. അതിനെയെല്ലാം അതിജീവിച്ച് നടത്തിയ പോരാട്ടമാണ് പ്രതി ശിക്ഷിക്കപ്പെടാന്‍ കാരണമായത്. സ്‌കൂളിലെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ മാതൃസഹോദരിയോടാണ് 2020 മാര്‍ച്ചില്‍ കുട്ടി ആദ്യം പീഡനവിവരം പറഞ്ഞത്.

ഇക്കാര്യം കുട്ടിയുടെ അമ്മാവന്‍ പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ അറിയിച്ചു. പോലിസിലും ചൈല്‍ഡ്‌ലൈനിലും പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആദ്യം ചെയ്തത്. പരാതി പാനൂര്‍ പോലിസ് സ്റ്റേഷനില്‍ നല്‍കേണ്ടെന്നും തലശ്ശേരി ഡിവൈഎസ്പിക്ക് നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. പ്രേമന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പീഡനക്കേസ് ഇല്ലാതാക്കാന്‍ പാനൂര്‍ എസ്ഐ ശ്രമിച്ചുവെന്നതാണ് കാരണം.

Tags: