പാലാരിവട്ടം പാലം: പൊളിച്ചുപണിയുന്നതിന് ഇ ശ്രീധരന്‍ നേതൃത്വം നല്‍കും

Update: 2020-09-23 15:06 GMT

തിരുവനന്തപുരം: നിര്‍മാണത്തകരാറുമൂലം അപകടത്തിലായ പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന്റെ മേല്‍നോട്ടം ഇ ശ്രീധരന്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടുമാസത്തിനകം പണി പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധി ഇ ശ്രീധരനുമായി സംസാരിച്ചു. അദ്ദേഹം സമ്മതം മൂളിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തിലാണ് പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഗതാഗതത്തിന് തുറന്നു നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധനയ്ക്ക് തയ്യാറായത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദമായി പരിശോധിക്കാന്‍. ഇ. ശ്രീധരനെയും മദ്രാസ് ഐഐടിയെയും ചുമതലപ്പെടുത്തി. അവരുടെ റിപോര്‍ട്ടുകള്‍ പരിശോധിച്ചശേഷമാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടെന്നാണ് ഇ. ശ്രീധരന്‍ കണ്ടെത്തിയത്. കേവല പുനരുദ്ധാരണം കൊണ്ട് പ്രശ്‌നം തീരില്ല. സ്ഥായിയായ പരിഹാരമെന്ന നിലയില്‍ പൊളിച്ചു പണിയുന്നതാണ് നല്ലതെന്നാണ് ശ്രീധരന്‍ നല്‍കുന്ന ഉപദേശം. 

Tags: