സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്: സംഘടനയെ ബന്ധപ്പെടുത്തുന്നത് 'സെന്‍സേഷണല്‍ അല്‍പ്പത്തര'മെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2021-09-15 16:55 GMT

പാലക്കാട്: പാലക്കാട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ തങ്ങളുടെ നോട്ടിസ് കണ്ടെത്തിയെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്നത് 'സെന്‍സേഷണല്‍ അല്‍പ്പത്തര'മെന്ന് പോപുലര്‍ ഫ്രണ്ട്. പോപുലര്‍ ഫ്രണ്ട് പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം നടത്തിയ 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, കുറ്റവാളികളെ ശിക്ഷിക്കുക' എന്ന നോട്ടിസാണ് ഐഎസ് അനുകൂല പോസ്റ്റര്‍ കണ്ടെത്തിയെന്ന തരത്തില്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

അനാവശ്യമായി ഇത്തരമൊരു വിഷയത്തിലേക്ക് പോപുലര്‍ ഫ്രണ്ടിനെ വലിച്ചിഴയ്ക്കുന്നത് കേവലം അബദ്ധമായി കരുതാനാവില്ല. സത്യം പറയുന്നതിന് പകരം വ്യാജ വാര്‍ത്തകളില്‍ സെന്‍സേഷണല്‍ സുഖം മാത്രം തേടി പോകുന്നവര്‍ ഉത്തരവാദിത്വ ബോധമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനവും സമൂഹത്തിനു തന്നെ ഭീഷണിയുമാണ്. പൊതുസമൂഹത്തിനു മുന്നില്‍ തുറന്ന പുസ്തകമായ പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടലുകള്‍ സംഘടനയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചാരകരെ ഇത് വിറളിപിടിപ്പിക്കുന്നുണ്ടാകാം. ഇത്തരം വ്യാജവാര്‍ത്തകള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ക്ക് സംഘടന നിര്‍ബന്ധിതമാവുമെന്നും പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര പത്രക്കുറിപ്പില്‍ അറിയിച്ചു. 

Tags:    

Similar News