പാലക്കാട്ടെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്കെതിരേ ആള്‍ക്കൂട്ട കൊലപാതകം, എസ്സി-എസ്ടി അതിക്രമം തടയല്‍ വകുപ്പുകള്‍ ചുമത്തി

Update: 2025-12-23 15:54 GMT

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതികള്‍ക്കെതിരേ എസ്‌സി-എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തി. കേസില്‍ രണ്ടു പേരെ കൂടി പോലിസ് ഇന്ന് അറസ്റ്റ് ചെയ്തു. അതേസമയം, ആദ്യ ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനും മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പോലിസിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിമര്‍ശനം ഉയര്‍ന്നു. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണന്റെ കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്‌സി-എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ പോലിസ് തയാറായത്.

കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും അത് ശേഖരിക്കാന്‍ പോലിസിനു കഴിഞ്ഞില്ല. രണ്ടു ദിവസത്തിനുശേഷം മര്‍ദ്ദനത്തില്‍ പങ്കെടുത്തവര്‍ നാടുവിട്ടു. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ അനാസ്ഥ കാരണം തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തല്‍. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ ഇവരും പങ്കെടുത്തു എന്നാണ് കണ്ടെത്തല്‍.

റിമാന്‍ഡിലുള്ള അഞ്ചു പ്രതികളേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചു. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമര്‍പ്പിക്കും. അതേസമയം, രാംനാരായണന്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. മരണത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ദുഃഖം രേഖപ്പെടുത്തി. രാംനാരായണന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags: