'ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല'; ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ അന്വേഷണ റിപോർട്ട്
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിൽസാപിഴവിനെ തുടർന്ന് എട്ടുവയസുകാരിയുടെ കെെ മുറിച്ചുമാറ്റിയതായുള്ള പരാതിയിൽ ഡോക്‌ടർമാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) റിപോർട്ടിന് പിന്തുണ നൽകി.
സെപ്തംബർ 30ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയതിനുശേഷം കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നുവെന്നാണ് റിപാർട്ടിൽ പറയുന്നത്.
എന്നാൽ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്ന ചികില്‍സാ പിഴവാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ട അവസ്ഥയിലെത്താന്‍ കാരണമെന്ന് കുടുംബം പറയുന്നു.
നിര്‍മാണത്തൊഴിലാളിയും പല്ലശ്ശന ഒഴിവുപാറ സ്വദേശിയുമായ ആര്‍ വിനോദിന്റെയും പ്രസീതയുടെയും മകളാണ് ഒഴിവുപാറ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ വിനോദിനി.
സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് കൈക്ക് പരിക്ക് പറ്റിയത്. ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷമാണ് കുട്ടിയുടെ കൈയ്ക്ക് അസഹനീയമായ വേദന തുടങ്ങുന്നത്. ഇതോടെ കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും കൈ രക്തയോട്ടം കുറഞ്ഞു കറുത്തിരുന്നു. ദുര്‍ഗന്ധമുള്ള പഴുപ്പും വരാന്‍ തുടങ്ങി. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയതും കൈ മുറിച്ചു മാറ്റിയതും.
