പാലാ വിവാദം: മന്ത്രിയുടെ നീക്കം സൗഹാര്‍ദത്തിന്റെ വഴിയില്‍ മുള്ള് വാരിയിട്ടുവെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍

Update: 2021-09-18 17:37 GMT

മലപ്പുറം: വിഭാഗീയ നീക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രതികരണം സൗഹാര്‍ദത്തിന്റെ പാതയില്‍ മുള്ള് വാരിയിടുന്നതായെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് എന്നിവര്‍ പ്രസ്താവിച്ചു.

വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവന വന്നശേഷം അദ്ദേഹം അത് തിരുത്തിയില്ലെന്നു മാത്രമല്ല സഭയും അതിന്റെ മുഖപത്രവും അതിനെ ന്യായീകരിച്ച് രംഗത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ബിഷപ്പിനെ മഹത്വവല്‍ക്കരിക്കുകയും തെറ്റ് തിരുത്താനാവശ്യപ്പെടുന്നവരെ തീവ്രവാദികളാക്കുകയും ചെയ്യുന്ന ശൈലി മുറിവേറ്റ സമുദായത്തിന് നേരെയുള്ള വെല്ലുവിളിയാണന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പാലാ ബിഷപ്പ് തന്റെ ദുരുദ്ദേശപരമായ പ്രസ്താവനക്കു ഒരു തെളിവു ഇതു വരെ പൊതുസമൂഹത്തിന്റെ മുമ്പില്‍ വെച്ചിട്ടുമില്ലന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

മുഖ്യധാര മുസ്‌ലിം നേതാക്കള്‍ ആരും തന്നെ ഇതുവരെയും അപക്വമായി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സൗഹാര്‍ദത്തിന്റെ വഴി പരമാവധി എളുപ്പമാക്കാനുതകുന്ന നിലപാടുകളാണ് സ്വീകരിച്ചത്. മുസ് ലിം സമുദായം നടത്തുന്ന ന്യായമായ പ്രതികരണങ്ങളെപ്പോലും തീവ്രവാദത്തിന്റെ ചാപ്പയടിച്ച് ഇല്ലാതെയാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News