പാകിസ്താന്‍ അംബാസിഡര്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Update: 2021-09-15 15:36 GMT

ഇസ് ലാമാബാദ്: അഫ്ഗാനിലെ പാകിസ്താന്‍ അംബാസിഡര്‍ മന്‍സൂര്‍ അഹ്മദ് ഖാന്‍ താലിബാന്‍ ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്താഖിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.

അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്താഖിയെ കണ്ട് ചര്‍ച്ച നടത്തി. മാനുഷിക, സാമ്പത്തിക സഹകരണം ഉറപ്പുവരുത്തുന്നതില്‍ ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു- ഖാന്‍ ട്വീറ്റ് ചെയ്തു.

ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം പാകിസ്താന്‍ ഉദ്യോഗസ്ഥരും താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ പ്രതിനിധിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചാണ് ഇത്. അതേസമയം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനു മുമ്പ് പല തവണ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

പാകിസ്താന്‍ പുതുതായി അഭയാര്‍ത്ഥികളെ സ്വീകരിക്കില്ലെന്നും എന്നാല്‍ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും യാത്രാ രേഖകളുളള വിദേശികളെയും സ്വീകരിക്കുമെന്ന് ഖാന്‍ പറഞ്ഞു.

പാകിസ്താനും അഫ്ഗാനിസ്താനും ഇടയിലുള്ള നടന്നുപോകാവുന്ന അതിര്‍ത്തി തിങ്കളാഴ്ച താലിബാന്‍ സൈന്യം അടച്ചുപൂട്ടിയിരുന്നു.

നേരത്തെ ചൈനീസ് അംബാസിഡറുമായി താലിബാന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ആഗസ്ത് 15നാണ് താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചത്. 

Tags:    

Similar News