തൊഴിലന്വേഷണം സന്ദര്‍ശക വിസയില്‍ വേണ്ട: മുന്നറിയിപ്പുമായി ദുബയിലെ പാകിസ്താന്‍, ഇന്ത്യന്‍ എംബസികള്‍

Update: 2020-10-21 02:41 GMT

ദുബയ്: തൊഴിലന്വേഷണത്തിനായി ദുബയിലേക്ക് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍, ഇന്ത്യന്‍ എംബസികള്‍. സന്ദര്‍ശക വിസയില്‍ ദുബയിലെത്തിയ നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും നയന്ത്രകാര്യാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. മതിയായ വിസയില്ലാത്തതിനാല്‍ നിരവധി പേരാണ് ദുബയ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

തൊഴില്‍ തേടിയെത്തുന്നവര്‍ അതിനാവശ്യമായ രേഖകളുമായി വേണം എത്തേണ്ടത്. സന്ദര്‍ശ വിസയില്‍ വരുന്നവര്‍ അനുയോജ്യ രേഖകളും ഹാജരാക്കണം. താമസം, തിരിച്ചുപോകാനാവശ്യമായ ടിക്കറ്റ്, പണം തുടങ്ങിയവയാണ് സന്ദര്‍ശക വിസയിലെത്തുന്നവര്‍ ഹാജരാക്കേണ്ടവ.

പാകിസ്താന്‍ എംബസി നല്‍കുന്ന വിവരമനുസരിച്ച് 1,374 പാകിസ്താന്‍ യാത്രികരാണ് ദുബയില്‍ ചൊവ്വാഴ്ച വരെ കുടുങ്ങിക്കിടക്കുന്നത്. അതില്‍ 1,276 പേരെ തിരിച്ചയച്ചു. 98 പേര്‍ അവശേഷിക്കുന്നുണ്ട്. ഇവരെ 12 മണിക്കൂറിനുള്ളില്‍ തിരിച്ചയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഇന്ത്യക്കാരായ 300ഓളം പേരും കുടുങ്ങിക്കിടക്കുന്നുണ്ട്. അതില്‍ 80 പേരെ രാജ്യത്ത് പ്രവേശിപ്പിച്ചു. 49 പേര്‍ ഇപ്പോഴും വിമാനത്താവളത്തിലുണ്ട്. ബാക്കിയുള്ളവരെ ഇന്ന് അര്‍ധരാത്രിക്കു ശേഷം തിരിച്ചയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Similar News