നെല്ല്‌ സംഭരണം: സപ്ലൈകോ, കേരള റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

Update: 2021-10-19 05:02 GMT

പാലക്കാട്: മഴക്കെടുതി മൂലം നെല്ല്‌ സംഭരണത്തില്‍ തടസം വരാതിരിക്കാന്‍ സപ്ലൈകോ, കേരള റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനിലിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സംഭരണം സുഗമാക്കുന്നതിനായിരുന്നു ചര്‍ച്ച.

സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ നടത്തിയ ചര്‍ച്ചയില്‍ ഈര്‍പ്പം കൂടുതലുള്ള നെല്ല് കര്‍ഷകരുമായുള്ള ധാരണയില്‍ ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് സംഭരിക്കാന്‍ തീരുമാനിച്ചു. കര്‍ഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിന് മില്ലുടമകള്‍ നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതല്‍ വാഹനങ്ങള്‍, ചാക്കുകള്‍ എന്നിവ മില്ലുടമകള്‍ ക്രമീകരിക്കും. ഇത്തരത്തില്‍ സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്‌ക്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയ്ക്കു മുമ്പ് ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കുന്നതിനുള്ള അനുമതി മില്ലുടമകള്‍ക്ക് സപ്ലൈകോ നല്‍കും. നെല്ല്,അരി എന്നിവ സൂക്ഷിക്കുന്നതിന് കൂടുതല്‍ ഗോഡൗണുകള്‍ ആവശ്യമെങ്കില്‍ അതിനുള്ള അനുമതിയും സപ്ലൈകോ നല്‍കും.

Tags: