നെല്‍വയല്‍-തണ്ണീര്‍ത്തട തരംമാറ്റത്തില്‍ ക്രമക്കേട്; സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിന്റെയും തരംമാറ്റം അനുവദിക്കുന്നതിന്റെയും പേരില്‍ നടക്കുന്ന ക്രമക്കേടുകളും അഴിമതികളും കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. 'ഓപ്പറേഷന്‍ ഹരിത കവചം' എന്നാണ് പരിശോധനാ ദൗത്യത്തിന് നല്‍കിയിരിക്കുന്ന പേര്.
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും അതിനനുസരിച്ചുള്ള ചട്ടങ്ങളുമെല്ലാം ലംഘിച്ച് സംസ്ഥാനത്ത് വ്യാപകമായ അഴിമതി നടക്കുന്നതായി വിജിലന്‍സിന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് നടപടി. അപേക്ഷകരില്‍ നിന്ന് ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങി, നിയമവിരുദ്ധമായി ഭൂമി ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കാനും തരംമാറ്റത്തിനും അനുകൂല റിപോര്‍ട്ടുകള്‍ നല്‍കാനും ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായാണ് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
റവന്യൂ ഡിവിഷണല്‍ ഓഫിസുകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂമാഫിയയും റിയല്‍ എസ്റ്റേറ്റ് ലോബികളും തരംമാറ്റ ഉത്തരവ് നേടി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വാണിജ്യ, വസതിപ്രദേശങ്ങളാക്കി മാറ്റി വില്‍പ്പന നടത്തുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. കൈക്കൂലിയും അനധികൃത പ്രതിഫലവും സ്വീകരിച്ച് സ്വാധീനത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണല്‍ ഓഫിസുകളിലും 32 ഡെപ്യൂട്ടി കലക്ടര്‍മാരുടെ ഓഫിസുകളിലുമായി വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ മിന്നല്‍ പരിശോധന നടന്നു. നിയമപ്രകാരം തരംമാറ്റം അനുവദിക്കാനാവാത്ത ഭൂമികളില്‍ അനധികൃത ഉത്തരവുകള്‍ നല്‍കിയതും ഡാറ്റാബാങ്ക് രേഖകളില്‍ വ്യാജ എന്‍ട്രികള്‍ നടത്തിയതും ഉള്‍പ്പെടെയുള്ള അഴിമതികളാണ് പരിശോധനയുടെ പ്രധാന കേന്ദ്രീകരണം.
