പടന്നക്കാട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതികൾക്ക് ശിക്ഷാവിധി തിങ്കളാഴ്ച
കാഞ്ഞങ്ങാട്: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണക്കമ്മല്‍ കവര്‍ന്ന കേസില്‍ ഒന്നാം പ്രതി സലാം പിഎയും സഹോദരി സുബൈദയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഹോസ്ദുര്‍ഗ് അതിവേഗ പോക്‌സോ കോടതി ജഡ്ജി പിഎം സുരേഷ് തിങ്കളാഴ്ച ശിക്ഷ വിധി പ്രഖ്യാപിക്കും.
2024 മെയ് 15നാണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെ പടന്നക്കാട്ട് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ സലാം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണക്കമ്മല്‍ കവര്‍ന്നതുമാണ് കേസ്. പിതാവ് പശുവിനെ കറക്കാന്‍ വീട്ടുവാതില്‍ തുറന്ന് പുറത്തുപോയ സമയത്താണ് പ്രതി അകത്തുകടന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. പീഡനത്തിന് ശേഷം കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് സലാം സ്വര്‍ണക്കമ്മലുമായി രക്ഷപ്പെടുകയാണുണ്ടായത്.
കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലിസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് സലാമിനെ ഒമ്പത് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത സ്വര്‍ണക്കമ്മല്‍ വില്‍ക്കാന്‍ സഹായിച്ചതിന് സഹോദരി സുബൈദയെ രണ്ടാം പ്രതിയാക്കി.
വാദങ്ങളുടെ ഭാഗമായി, ഒന്നാം പ്രതിയായ സലാം മാതാപിതാക്കളുടെ പ്രായാധിക്യം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പ്രതിഭാഗം, സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാല്‍ പ്രതിയെ സ്ഥിരം കുറ്റവാളിയെന്ന് കണക്കാക്കി കര്‍ശനമായ ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടു.
