തിരുവനന്തപുരം: കഴക്കൂട്ടത്ത് വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന പേസ് മേക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പള്ളിപ്പുറം കരിച്ചാറ സ്വദേശിയായ സുന്ദരനാണ് അപകടത്തില്‍ പരിക്കേറ്റത്.
ചൊവ്വാഴ്ച നിര്യാതയായ പള്ളിപ്പുറം വി ടി നിലയത്തിലെ വിമലയമ്മയുടെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. ആപ്പോഴാണ് അപ്രതീക്ഷിതമായി ഉഗ്രശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. പേസ് മേക്കറിന്റെ ഭാഗങ്ങള്‍ തെറിച്ച് സുന്ദരന്റെ കാല്‍മുട്ടിലേക്ക് തുളച്ചുകയറുകയായിരുന്നു. ഉടനെ വീട്ടുകാര്‍ സുന്ദരനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദ്‌രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കര്‍ ഘടിപ്പിച്ചത്. സാധാരണ മരണശേഷം പേസ് മേക്കര്‍ ആശുപത്രിയില്‍ വച്ച് ഇളക്കി മാറ്റാറുണ്ട്. ചികില്‍സക്കു ശേഷം രണ്ടുദിവസം മുന്‍പാണ് ആശുപത്രി വിട്ടത്. മരണശേഷം വീട്ടുകാര്‍ പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്ന വിവരം ആശുപത്രി അധികൃതരെ വിളിച്ചറിയിച്ചപ്പോള്‍ അത് ഇളക്കണ്ടെന്നും മറ്റു പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്നുമായിരുന്നു പ്രതികരണം.