മുഖ്യമന്ത്രിയുടെ ഓഫിസിലെ സുപ്രധാന പദവിയിലേക്ക് പി ശശി; പുത്തലത്ത് ദിനേശന് പുതിയ ചുമതല

നായനാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനി പി ശശിയായിരുന്നു

Update: 2022-03-07 12:04 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ശശി മുഖ്യമന്ത്രിയുടെ ഓഫിസില്‍ സുപ്രധാന ചുമതലയിലെത്താന്‍ സാധ്യത. പുത്തലത്ത് ദിനേശന്‍ സെക്രട്ടറിയേറ്റ് അംഗമായതോടെയാണ് പുതിയ മുഖത്തെ നിര്‍ണായക പദവിയിലേക്ക് സിപിഎം തേടുന്നത്. പാര്‍ട്ടി പത്രത്തിന്റെ ചുമതലയിലും പുതിയ നേതാവ് എത്തും.

സിപിഎം സംസ്ഥാന സമ്മേളനത്തിലെ അപ്രതീക്ഷിത വരവ് പി ശശിയുടേതാണ്. സമ്മേളന പ്രതിനിധി അല്ലാതിരുന്നിട്ടും വിവാദ നേതാവ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എത്തി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പി ശശി എത്താന്‍ കളമൊരുങ്ങുന്നത്. നായനാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പോലിസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവുമാണ് ശശിയുടെ സാധ്യത കൂട്ടുന്നത്.

താഴെ തട്ട് മുതല്‍ സിപിഎം സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ആഭ്യന്തര വകുപ്പിലെ വീഴ്ചകളാണ്. പുത്തലത്ത് ദിനശന്‍ ആറ് വര്‍ഷമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണെങ്കിലും പോലിസിനെ നിയന്ത്രിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ദിനേശന്‍ എകെജി സെന്ററിലേക്ക് മടങ്ങുന്നതോടെ പൊളിറ്റിക്കല്‍ സെക്രട്ടറി പോസ്റ്റിലും മാറ്റം വരും.

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിശ്വസ്തനായ പി ശശിക്ക് തന്നെയാണ് ഏറ്റവുമധികം സാധ്യത. മൂന്നാം തവണ സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പദവിയില്‍ നിന്നും ഒഴിയും എന്നാണ് വിവരം. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേക്ക് പുത്തലത്ത് എത്താനാണ് സാധ്യത. ഇത്തവണ പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിയുന്ന എസ് രാമചന്ദ്രന്‍ പിള്ളക്കും പുതിയ ചുമതല നല്‍കും. സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമിതി യോഗം ബുധനാഴ്ച ചേരും.

Tags: