പി കെ കുഞ്ഞനന്തന്‍: മായുന്നത് പാനൂരിന്റെ സിപിഎം മുഖം

ടി പി വധക്കേസില്‍ പതിമൂന്നാം പ്രതിയായാണ് ശിക്ഷിക്കപ്പെട്ടതെങ്കിലും ടി പി വധത്തിന് പദ്ധതിയിട്ട് നടപ്പിലാക്കിയത് കുഞ്ഞനന്തനാണെന്നാണ് ടി പിയുടെ ഭാര്യ കെ കെ രമയടക്കമുള്ളവര്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

Update: 2020-06-11 18:13 GMT

 പി സി അബ്ദുല്ല

കണ്ണൂര്‍: പി കെ കുഞ്ഞനന്തന്റെ നിര്യാണത്തോടെ സിപിഎമ്മിന് നഷ്ടമായത് പാനൂരിന്റെ പാര്‍ട്ടി മുഖം. മേഖലയില്‍ രാഷ്ട്രീയ പ്രതിയോഗികളോട് പൊരുതി പാര്‍ട്ടി കെട്ടിപ്പടുത്ത നേതാവായിരുന്നു കുഞ്ഞനന്തന്‍. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ ഹൃദയ ഭൂമിയാണ് പാനൂര്‍ മേഖല. പാര്‍ട്ടിയെന്നാല്‍ കുഞ്ഞനന്തന്‍; കുഞ്ഞനന്തനെന്നാല്‍ പാര്‍ട്ടി എ്ന്നതായിരുന്നു എട്ടു വര്‍ഷം മുന്‍പു വരെ സാഹചര്യം. എന്നാല്‍,2012ല്‍ ടി പി ചന്ദ്ര ശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ കുഞ്ഞനന്തന്റെയും പാനൂരിലെ പാര്‍ട്ടിയുടേയും അവസ്ഥ മറ്റൊന്നായി. കോഴിക്കോട് വടകരയില്‍ നടന്ന ഒരു കൊലപാതകത്തില്‍ കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി നേതാവിനു പങ്കുണ്ടെന്ന് തെളിഞ്ഞത് സംഭവത്തില്‍ പാര്‍ട്ടിയിലെ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന സംശയം ജനിപ്പിച്ചിരുന്നു. പക്ഷേ കുഞ്ഞനന്തന്‍ ഗൂഢാലോചനക്കേസില്‍ പ്രതിയായതോടെ ടി പി വധക്കേസിന്റെ അന്വേഷണം മറ്റ് ഉന്നതരിലേക്ക് എത്താതെ ഒതുക്കപ്പെട്ടു.

ടിപി കേസില്‍ അറസ്റ്റിലാവുമ്പോള്‍ സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗമായിരുന്നു കുഞ്ഞനന്തന്‍. ക ടി പി വധക്കേസില്‍ പതിമൂന്നാം പ്രതിയായാണ് ശിക്ഷിക്കപ്പെട്ടതെങ്കിലും ടി പി വധത്തിന് പദ്ധതിയിട്ട് നടപ്പിലാക്കിയത് കുഞ്ഞനന്തനാണെന്നാണ് ടി പിയുടെ ഭാര്യ കെ കെ രമയടക്കമുള്ളവര്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

ടി പി വധക്കേസില്‍ ഗൂഡാലോചന തെളിഞ്ഞതിനെ തുടര്‍ന്ന് 2014 ജനുവരിയിലാണ് കുഞ്ഞനന്തന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതി കണക്കിലെടുുത്ത് ശിക്ഷ തല്‍ക്കാലത്തേക്ക് റദ്ദാക്കി 3 മാസത്തെ ജാമ്യം അനുവദിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ കോടതിയെ സമീപിച്ചിരുന്നു.