സമവായ ചര്‍ച്ച നടന്നിട്ടില്ല;ആ കീഴ്‌വഴക്കം സിപിഎമ്മിനില്ലെന്നും പി ജയരാജന്‍

കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയത് സമവായ ചര്‍ച്ചയുടെ ഭാഗമായാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍

Update: 2022-06-20 09:45 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍.സിപിഎമ്മിന് മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതിയില്ലെന്നും ജയരാജന്‍ പറഞ്ഞു.കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയത് സമവായ ചര്‍ച്ചയുടെ ഭാഗമായാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

അതേസമയം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി പി ജയരാജനുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫിസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച.

പയ്യന്നൂരില്‍ മൂന്ന് പാര്‍ട്ടി ഫണ്ടുകളിലായി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഉള്‍പ്പടെയുള്ള തെളിവുകളുമായി ജില്ലാ നേതൃത്വത്തെ സമീപിച്ചത് ഏരിയ സെക്രട്ടറി ആയിരുന്ന കുഞ്ഞികൃഷ്ണനാണ്. പരാതി പരിശോധിച്ച് ആരോപണ വിധേയന്‍ ടി ഐ മധുസൂധനന്‍ എംഎല്‍എയെ ജില്ലാകമ്മറ്റിയിലേക്ക് തരം താഴ്ത്തിയതിനൊപ്പം പരാതി കൊടുത്ത വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. കമ്മറ്റിയില്‍ മാനസിക ഐക്യമില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മറ്റിയംഗം ടി വി രാജേഷിനെ പുതിയ ഏരിയ സെക്രട്ടറിയുമാക്കി. ഇതോടെ പൊതുപ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തീരുമാനമാണെന്നായിരുന്നു എം വി ജയരാജന്റെ വിശദീകരണം. കുഞ്ഞികൃഷ്ണനെ മാറ്റിയ നടപടിയെടുത്തത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലെന്നും നേതൃത്വം പറഞ്ഞു.

കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരേ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. 21 അംഗ ഏരിയ കമ്മിറ്റി യോഗത്തില്‍ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിര്‍ത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News