'കേസ് കൊണ്ട് കൂടുതല്‍ സിനിമകള്‍ കിട്ടി'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിച്ച് വീണ്ടും പി സി ജോര്‍ജ്

Update: 2022-08-11 11:05 GMT

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിച്ച് വീണ്ടും പി സി ജോര്‍ജ് രംഗത്ത്. കേസുകൊണ്ട് ഗുണമുണ്ടായത് നടിക്ക് മാത്രമാണെന്നും നിരവധി സിനിമകളില്‍ കേസ് കൊണ്ട് അവസരം കിട്ടിയെന്നുമായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പി സി ജോര്‍ജിന്റെ മോശം പരാമര്‍ശം. വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം.

ദിലീപിനെചതിരേ കേസുണ്ടായതുകൊണ്ട് പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്കുണ്ടായത്. കേസ് വന്നതിനാല്‍ കൂടുതല്‍ സിനിമകള്‍ കിട്ടി. അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നും പി സി ജോര്‍ജ് പറഞ്ഞു. മോശം പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പി സി ജോര്‍ജ് തട്ടിക്കയറി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചാണ് മുമ്പും പി സി ജോര്‍ജ് രംഗത്തുവന്നിട്ടുള്ളത്. ചാനല്‍ ചര്‍ച്ചകളിലടക്കം അതിജീവിതയെ കുറ്റപ്പെടുത്തിയും ദിലീപിനെ പിന്തുണച്ചും പി സി ജോര്‍ജ് പ്രസ്താവനകള്‍ നടത്തിയത് വിവാദമായിട്ടുണ്ട്.

Tags: