സ്‌കൂള്‍ബാഗിന്റെ അമിതഭാരം ആരോഗ്യത്തിന് ഭീഷണി; പഠനപരിഷ്‌കാരങ്ങള്‍ അനിവാര്യമെന്ന് എസ്സിഇആര്‍ടി റിപോര്‍ട്ട്

Update: 2026-01-10 09:01 GMT

തിരുവനന്തപുരം: സ്‌കൂള്‍ബാഗിന്റെ അമിതഭാരം വിദ്യാര്‍ഥികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്സിഇആര്‍ടി നടത്തിയ ഗവേഷണപഠനറിപോര്‍ട്ട്. ബാഗിന്റെ ഭാരംമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി പഠനപരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് പഠനം നടത്തിയത്. കുട്ടികളുടെ സ്‌കൂള്‍ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടരുതെന്നതാണ് എന്‍സിഇആര്‍ടി നിര്‍ദേശിച്ച സ്‌കൂള്‍ബാഗ് നയം. എന്നാല്‍ ഈ മാനദണ്ഡം പലപ്പോഴും ലംഘിക്കപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം ജില്ലയിലെ എട്ടു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നാണ് പഠനത്തിനായി വിവരങ്ങള്‍ ശേഖരിച്ചത്. ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ താഴെയെങ്കില്‍ സുരക്ഷിതം, 10-15 ശതമാനം മുന്‍കരുതല്‍ ആവശ്യമായ അവസ്ഥ, 15 ശതമാനത്തിനുമുകളില്‍ അപകടകരം എന്നിങ്ങനെയാണ് വിഭാഗീകരണം. ബാഗിന്റെ അമിതഭാരം തങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് 27.12 ശതമാനം കുട്ടികള്‍ പഠനത്തില്‍ പ്രതികരിച്ചു.

എല്‍പി വിഭാഗം മുന്‍കരുതല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. യുപി വിഭാഗം മുന്‍കരുതല്‍, അപകടകരം എന്നീ രണ്ടുവിഭാഗങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികളാണ് കൂടുതലും അപകടസാധ്യതയിലുള്ളത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രധാനമായും മുന്‍കരുതല്‍ വിഭാഗത്തിലാണ്. ബാഗിന്റെ അമിതഭാരത്തെ തുടര്‍ന്ന് തോളിലും കഴുത്തിലും നടുവിലും വേദന അനുഭവപ്പെടുന്നതായി കുട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില രക്ഷിതാക്കള്‍ കുട്ടികളുടെ ശരീരഘടനയില്‍ പോലും മാറ്റങ്ങള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലത്ത് ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നതിനാല്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Tags: