ചത്ത പശുവിനെ തിന്നു: ഭക്ഷ്യവിഷബാധയേറ്റ് വിശാഖപ്പട്ടണത്ത് 76 ആദിവാസികള്‍ ആശുപത്രിയില്‍

Update: 2020-07-09 16:00 GMT

വിശാഖപ്പെട്ടണം: വിശാഖപ്പട്ടണത്ത് 76 ആദിവാസികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശാഖപ്പട്ടണം മുഗതപാലെം ഗ്രാമത്തിലാണ് സംഭവം. മുഴുവന്‍ പേരെയും പതേറു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചത്ത പശുവിനെ ഭക്ഷണമാക്കിയതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പതേറു എംഎല്‍എ കെ ഭാഗ്യ ലക്ഷ്മി ആശുപത്രിയിലെത്തി വിഷബാധയേറ്റവരെ സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

''ഇന്ന് 60നും 70നും ഇടയില്‍ ആദിവാസികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായി. ജി മദുഗുലയിലെ മുഗതപാലെം ഗ്രാമത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എല്ലാവരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.''-എംഎല്‍എ പറഞ്ഞു.

ആശുപത്രി അധികൃതരായി സംസാരിച്ചിരുന്നുവെന്നും ഭക്ഷ്യവിഷബാധയുടെ ശരിയായ കാരണം കണ്ടെത്താനും റിപോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാഗ്യലക്ഷി പറഞ്ഞു. മെഡിക്കല്‍ രേഖകള്‍ ലഭിച്ചാല്‍ സത്യം പുറത്തുവരുമെന്നും അവര്‍ പറഞ്ഞു.

ബുധനാഴ്ച വൈകീട്ടാണ് പലര്‍ക്കും ശര്‍ദ്ദിയും വയറിളക്കവും പിടിപെട്ടത്. ക്ഷീണം അധികമായതോടെ എല്ലാവരെയും പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇവര്‍ കഴിച്ച ഗോമാംസമാണ് വിഷബാധയ്ക്ക് പിന്നിലെന്ന് ട്രൈബല്‍ പ്രൊജക്റ്റ് ഓഫിസര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ചത്ത പശുവിന്റെ ഇറച്ചിയാണ് ഉപയോഗിച്ചതെന്നും പശുവിന് രോഗം പിടിപെട്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശുചിയായ വെള്ളത്തിന്റെ അഭാവമാണ് പല ആദിവാസി മേഖലയിലെയും ഭകഷ്യവിഷബാധയ്ക്കു പിന്നിലെന്ന് കരുതുന്നു. പട്ടിണി തീവ്രമാകുന്നതോടെ സാധാരണ കഴിക്കാത്ത വസ്തുക്കള്‍ ഭക്ഷണത്തിലേര്‍പ്പെടുത്തുന്നതും വിഷബാധയ്ക്ക് കാരണമായിട്ടുണ്ട്.

Similar News