കൊവിഡ്; രാജ്യത്ത് രണ്ടാം ദിനത്തില്‍ വാക്‌സിന്‍ സ്വീകരിച്ചത് 17,000 പേര്‍; 447 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍

Update: 2021-01-18 04:52 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊറോണ വൈറസ് വാക്‌സിനേഷന്‍ വിതരണത്തിന്റെ രണ്ടാം ദിനത്തില്‍ ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലെ 17,000 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മണിപ്പൂര്‍, തമിഴ്‌നാട് എന്നിവയാണ് ഇന്ന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയത്. ഇന്നലെ രാജ്യത്തുടനീളം 3,006 കേന്ദ്രങ്ങലിലായി 1.91 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മറ്റ് രോഗങ്ങള്‍ക്കുള്ള രോഗപ്രതിരോധ ഷെഡ്യൂളുകളുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നത് കൊണ്ടാണ് സംസ്ഥാനങ്ങളുടെ എണ്ണം കുറയുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പതിവ് ആരോഗ്യ സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കുന്നതിനായി ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ വിതരണം ആസൂത്രണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശിച്ചു. ഇന്നലെ ഞായറാഴ്ച ആയതിനാല്‍ ആറ് സംസ്ഥാനങ്ങള്‍ മാത്രമാണ് വാക്‌സിനേഷന്‍ വിതരണം നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. മനോഹര്‍ അഗ്‌നാനി പറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളും ആഴ്ചയില്‍ നാല് ദിവസത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം, വിതരണത്തിന് ഉപയോഗിക്കുന്ന വാക്‌സിനുകളിലൊന്നിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനെ കുറിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ സംശയങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നത്. കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും അടിയന്തിര ഉപയോഗത്തിനായ് അനുമതി നല്‍കുകയായിരുന്നു.

അതേസമയം, കേരളത്തില്‍ ആദ്യദിനത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും പാര്‍ശ്വഫങ്ങള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ആദ്യ ദിനത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.




Similar News