ഡല്‍ഹിയിലെ 11 ലക്ഷം പേരില്‍ 91 ശതമാനം പേരും വിശ്വസിക്കുന്നത് ഡല്‍ഹി കലാപത്തിന് കാരണം ബിജെപിയെന്ന്: എഎപി സര്‍വേ

Update: 2022-05-04 16:51 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 11 ലക്ഷം പേരില്‍ 91 ശതമാനം പേരും വിശ്വസിക്കുന്നത് ഡല്‍ഹി കലാപത്തിന് പിന്നില്‍ ബിജെപിയെന്ന് ആം ആദ്മി പാര്‍ട്ടി സര്‍വെ. ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയാണ് സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്. ഏപ്രില്‍ 21 മുതല്‍ രണ്ട് ആഴ്ച നീണ്ടുനില്‍ക്കുന്ന സര്‍വേയില്‍ 11,54,231 പേരാണ് പങ്കെടുത്തത്.

ഏത് പാര്‍ട്ടിയാണ് ഡല്‍ഹി കലാപത്തിന് കാരണം, രാജ്യത്തെ അസ്വസ്ഥതകള്‍ക്ക് കാരണമെന്താണ്, ഏറ്റവും കൂടുതല്‍ അക്രമികളുള്ള, നിരക്ഷരരുള്ള, കുറ്റവാളികളുളള പാര്‍ട്ടി ഏതാണ്, കൂടുതല്‍ വിദ്യാസമ്പന്നരുള്ള, ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി ഏതാണ് തുടങ്ങിയ ചോദ്യങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ചത്.

സര്‍വേയില്‍ 91 ശതമാനം പേരും പറഞ്ഞത് ഡല്‍ഹി കലാപത്തിന് പിന്നില്‍ ബിജെപിയാണെന്നാണ്. 8 ശതമാനം പേര്‍ കോണ്‍ഗ്രസ്സാണെന്നും ഒരു ശതമാനം മറ്റുള്ളവരെന്നും പറഞ്ഞു. ഏറ്റവും കൂടുതല്‍ ഗുണ്ടകളും അക്രമികളുമുള്ള പാര്‍ട്ടിയായി സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയത് ബിജെപിയെയാണ് 89 ശതമാനം. 5 ശതമാനം പേര്‍ ബിജെപിയാണെന്നും 2 ശതമാനംപേര്‍ എഎപിയാണെന്നും 4 ശതമാനം പേര്‍ മറ്റുള്ളവരെന്നും പറഞ്ഞു. ആത്മാര്‍ത്ഥയും വിദ്യാസമ്പന്നരുള്ളതുമായ പാര്‍ട്ടിയായി 73 ശതമാനം പേര്‍ എഎപിയെയും 15 ശതമാനം പേര്‍ കോണ്‍ഗ്രസ്സിനെയും 10 ശതമാനംപേര്‍ ബിജെപിയെയും 2 ശതമാനം പേര്‍ മറ്റുള്ളവരെയും തിരഞ്ഞെടുത്തു.

'രാജ്യത്തെ കലാപത്തിനും ഗുണ്ടാപ്രചാരണത്തിനും അശാന്തിക്കും കാരണം ബിജെപിയാണെന്ന് പൊതുസമൂഹം പോലും അംഗീകരിച്ചുകഴിഞ്ഞു. അവര്‍ രാജ്യത്ത് എവിടെ അധികാരം നേടിയാലും വിദ്വേഷം പടര്‍ത്താനും കലാപം ഉണ്ടാക്കാനും ഗുണ്ടാപ്രചാരണം നടത്താനും തുടങ്ങുന്നു. ഒരു സര്‍ക്കാര്‍, സ്‌കൂള്‍, ആശുപത്രി എന്നിവ എങ്ങനെ നടത്തണമെന്ന് ബിജെപിക്ക് ഒരു ധാരണയുമില്ല. അവര്‍ ഒരിക്കലും വിദ്യാഭ്യാസത്തെയോ ജോലിയെയോ ചര്‍ച്ച ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെയോ പൊതുജനങ്ങളുടെയോ വീടുകള്‍ ആക്രമിക്കാന്‍ മാത്രമേ അവര്‍ക്കറിയൂ''-സിസോദിയ പറഞ്ഞു.

Tags: