പാലക്കാട്: കേരളത്തിലെ മികച്ച പോലിസ് സ്‌റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഒറ്റപ്പാലം സ്‌റ്റേഷന്. 2021ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. 2021ല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്ന ഉദ്യോഗസ്ഥനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
പുരസ്‌കാരം വെള്ളിയാഴ്ച 10.30ന് സംസ്ഥാന പോലിസ് ആസ്ഥാനത്തെ ചടങ്ങില്‍ വിതരണം ചെയ്തു.
പാലക്കാട് ജില്ലയില്‍ത്തന്നെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്‌റ്റേഷനാണ് ഒറ്റപ്പാലം. ജില്ലയില്‍ ഏറ്റവും വലിയ അധികാരപരിധിയുള്ള സ്‌റ്റേഷനുമാണ്. നേരത്തെ വനിതാശിശു സൗഹൃദ പോലിസ് സ്‌റ്റേഷനായും ഒറ്റപ്പാലം സ്‌റ്റേഷനെ പ്രഖ്യാപിച്ചിരുന്നു. വി. ബാബുരാജനാണ് നിലവില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍. പി. ശിവശങ്കരനാണ് സബ് ഇന്‍സ്‌പെക്ടര്‍.