കൊളവല്ലൂര്‍ മേഖലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്
കണ്ണൂര്‍: കൊളവല്ലൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ ക്വാറികളും മഴക്കാല തീവ്രത കുറയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.
സിറ്റി ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടിന്റെയും പരിസര വാസികളുടെ പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടി.
മുന്‍വര്‍ഷം ക്വാറിയില്‍ നിറഞ്ഞു നിന്ന വെള്ളം പൊട്ടി ഒഴുകി അപകടം ഉണ്ടായത് കണക്കിലെടുത്തു ആളപായം ഉണ്ടാകുന്നതും മറ്റ് അപകടങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കാന്‍ ക്വാറികളുടെ പ്രവര്‍ത്തനം മഴക്കാലത്ത് നിര്‍ത്തിവെക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു.
വാഴമല, നരീക്കോട് മലയുടെ ഭാഗമായ പ്രദേശത്ത് ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യവും കണക്കിലെടുത്താണ് ഉത്തരവ്. 13 ഓളം ക്വാറികളാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.