കര്‍ണാടകയില്‍ കടുത്ത തണുപ്പ്; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Update: 2025-12-16 04:54 GMT

ബെംഗളൂരു: കര്‍ണാടകയില്‍ തണുപ്പ് രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കര്‍ണാടകയിലെ മേഖലകളിലാണ് തണുപ്പിന്റെ തീവ്രത കൂടുതല്‍ അനുഭവപ്പെടുന്നത്. കലബുറഗി, ബീദര്‍, വിജയപുര, ബെളഗാവി, ബാഗല്‍കോട്ട്, ഹാവേരി, യാദ്ഗിര്‍, ധാര്‍വാഡ്, കൊപ്പാള്‍ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് വിജയപുര ജില്ലയിലാണ്. ഇവിടെ കുറഞ്ഞ താപനില ഏഴു ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ താപനില ആറു ഡിഗ്രി സെല്‍ഷ്യസായി കൂടി താഴാനിടയുണ്ടെന്നും ശക്തമായ ശീതക്കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. തലസ്ഥാനമായ ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബെംഗളൂരുവില്‍ കുറഞ്ഞ താപനില 14 ഡിഗ്രി സെല്‍ഷ്യസായി. രാവിലെ സമയങ്ങളില്‍ മണിക്കൂറില്‍ ഏകദേശം 16 കിലോമീറ്റര്‍ വേഗത്തില്‍ ശീതക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കടുത്ത തണുപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ശീതകാല വസ്ത്രങ്ങള്‍ ധരിച്ചേ പുറത്തിറങ്ങാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതേസമയം, മൂടല്‍മഞ്ഞ് ബെംഗളൂരുവിലൂടെയുള്ള വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാവിലെ സമയങ്ങളിലെ ചില സര്‍വീസുകള്‍ വൈകുന്നതായി അധികൃതര്‍ അറിയിച്ചു.

Tags: