പമ്പാ ഡാം: ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു

Update: 2020-10-15 15:25 GMT

പത്തനംതിട്ട: പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പറഞ്ഞു. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് വൈകുന്നേരം നാലിന് റിസര്‍വോയറിന്റെ ജലനിരപ്പ് 983.35 മീറ്ററില്‍ എത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതുണ്ടന്നും അറിയിച്ചു.റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

അതേസമയം നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ഡാമിന്റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71 മീറ്ററാണ്. ഡാമില്‍ സംഭരണ ശേഷിയുടെ 96.48 ശതമാനം ജലമുണ്ട്.