ഇന്ധനസെസില്‍ പ്രതിപക്ഷ പ്രതിഷേധം കടുത്തു; നിയമസഭ പിരിഞ്ഞു

Update: 2023-02-09 06:03 GMT

തിരുവനന്തപുരം: ഇന്ധനസെസ് കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇന്ന് 50 മിനിറ്റ് മാത്രമാണ് സഭാ നടപടികള്‍ നടന്നത്. ഈ മാസം 27ന് സഭ വീണ്ടും സമ്മേളിക്കും. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ബഹളത്തിനിടയിലും അരമണിക്കൂറോളം ചോദ്യത്തരവേള തുടര്‍ന്നു. ലഹരിവിമുത നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി എം ബി രാജേഷ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ മറുപടി നല്‍കി.

പ്രതിഷേധമുണ്ടാവുമ്പോള്‍ എത്രയും വേഗം ചോദ്യോത്തരവേള സസ്‌പെന്റ് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത് പോലും സ്പീക്കര്‍ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. എന്നാല്‍, സ്പീക്കറുടെ ഇരിപ്പിടം പോലും മറച്ചുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശരിയല്ലെന്ന് ഭരണപക്ഷ എംഎല്‍എമാരും വിമര്‍ശിച്ചു. വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ ചോദ്യോത്തരവേള സ്പീക്കര്‍ ഭാഗികമായി റദ്ദാക്കി. പിന്നീട് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു. അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്ക് പിടിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരിന് പ്രതിപക്ഷത്തോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണ്. ജനങ്ങളെ മറന്നാണ് സര്‍ക്കാര്‍ പെരുമാറുന്നത്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് തലയ്ക്ക് പിടിച്ചിരിക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് നികുതി കുറയ്ക്കില്ലെന്ന വാദം ലോകത്ത് മറ്റൊരിടത്തും കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തം. അതാണ് തങ്ങള്‍ നിറവേറ്റുന്നത്. നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോള്‍ പറഞ്ഞയാളാണ് പിണറായി. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം അതെല്ലാം മറന്നെന്നും സതീശന്‍ പരിഹസിച്ചു.

Tags:    

Similar News