ന്യൂഡല്‍ഹി: പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളെ വഖഫ് ബില്‍ പാനലില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. കല്യാണ്‍ ബാനര്‍ജി, മുഹമ്മദ് ജാവേദ്, എ രാജ, അസദുദ്ദീന്‍ ഒവൈസി, നസീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുല്ല, അരവിന്ദ് സാവന്ത്, നദീം ഉള്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം ബിജെപിയുടെ നിഷികാന്ത് ദുബെ അവതരിപ്പിച്ച് കമ്മിറ്റി പാസാക്കി. പ്രതിപക്ഷത്തിന്റെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ബിജെപിയില്‍ നിന്നുള്ള അപരാജിത സാരംഗി വിമര്‍ശിച്ചു.
കരട് നിയമനിര്‍മ്മാണത്തിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ അവലോകനം ചെയ്യാന്‍ തങ്ങള്‍ക്ക് മതിയായ സമയം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചതോടെ പാര്‍ലമെന്ററി കമ്മിറ്റി യോഗം ബഹളമായമാവുകയായിരുന്നു. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് യോഗം അല്‍പസമയത്തേക്ക് പിരിഞ്ഞു.
കശ്മീരിലെ മതനേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ ക്ഷണിക്കുന്നതിന് മുമ്പ് സമിതി വഖ്ഫ് ഭേദഗതി ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്യങ്ങളില്‍ ബിജെപി തിടുക്കം കൂട്ടുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
യോഗത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി, പ്രതിപക്ഷ ശബ്ദങ്ങളെ അവഗണിച്ചുവെന്ന് ആരോപിച്ച് കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാലിനെ വിമര്‍ശിച്ചു. ജമീന്ദാരി സമ്പ്രദായത്തിനു സമാനമായ രീതിയിലുള്ള നടപടിയാണെന്നായിരുന്നു ആരോപണം.
