പ്രതിപക്ഷ നേതാവിന്റെ ജാഥയെ സ്വീകരിയ്ക്കാന്‍ പോലിസ്: ചട്ടലംഘനമെന്ന് ആക്ഷേപം

Update: 2021-02-12 14:19 GMT

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജാഥയെ സ്വീകരിയ്ക്കാന്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു പോലിസുകാര്‍ പങ്കെടുത്തതായി ആക്ഷേപം. എറണാകുളം ജില്ലയിലെ അഞ്ച് പോലിസുകാരാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചത്. മുമ്പ് ജില്ലയില്‍ പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആയിരുന്ന അഞ്ചു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോള്‍ സര്‍വീസിലുള്ള പോലിസുകാര്‍ ചട്ടവിരുദ്ധ സ്വീകരണം നല്‍കിയത്. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് തുടങ്ങിയവര്‍ക്കൊപ്പം ഇവര്‍ ചിത്രവുമെടുത്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ് സര്‍വീസ് ചട്ടം. പോലിസുകാര്‍ക്ക് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥയുണ്ട്. സ്വീകരണത്തെപ്പറ്റി സിറ്റി പോലിസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: