പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി

Update: 2026-01-14 10:55 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.തന്റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും മറുപടി നല്‍കാത്തതിനാല്‍, കല്‍ക്കരി കുംഭകോണത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമോ കെട്ടിച്ചമച്ചതോ ആണെന്നും സുവേന്ദു അധികാരി പറഞ്ഞു.

'മമത ബാനര്‍ജി ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു. എനിക്ക് വേണ്ടി അയച്ച മാനനഷ്ട നോട്ടിസിന് മറുപടി നല്‍കാന്‍ അവര്‍ക്ക് നല്‍കിയ സമയം അവസാനിച്ചു, കല്‍ക്കരി കുംഭകോണത്തില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന അവരുടെ ആരോപണങ്ങള്‍ അവരുടെ അനാരോഗ്യകരമായ മാനസികാവസ്ഥയുടെ ഫലമാണെന്ന് മുഖ്യമന്ത്രി സ്വന്തം പെരുമാറ്റത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകൂ. മമത ബാനര്‍ജി, ഞാന്‍ കോടതിയില്‍ നിങ്ങളെ കാണും,' സുവേന്ദു അധികാരി എക്‌സില്‍ കുറിച്ചു.

കല്‍ക്കരി കള്ളക്കടത്ത് കേസില്‍ പങ്കുണ്ടെന്ന തന്റെ വാദത്തെ പിന്തുണയ്ക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ തെളിവ് നല്‍കണമെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നോട്ടിസ് അയച്ച് സുവേന്ദു അധികാരി ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ഉചിതമായ സിവില്‍, ക്രിമിനല്‍ മാനനഷ്ട കേസുകള്‍ ഫയല്‍ ചെയ്യുമെന്നും അധികാരി മുന്നറിയിപ്പ് നല്‍കിയിരുന്നു.

'വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിറഞ്ഞ ഈ വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകള്‍ യാതൊരു തെളിവുമില്ലാതെയാണ് പരസ്യമായി നടത്തിയത്. ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ എന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുക മാത്രമല്ല, പൊതുചര്‍ച്ചയുടെ അന്തസ്സിനും കളങ്കം വരുത്തുകയും ചെയ്യുന്നു,' സുവേന്ദു അധികാരി പറഞ്ഞു.

Tags: