ആഴക്കടല്‍ മല്‍സ്യ ബന്ധനം: ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്, മല്‍സ്യബന്ധന നയം തിരുത്തിയത് കമ്പനിയ്ക്ക് വേണ്ടിയെന്ന് ചെന്നിത്തല

ആലപ്പുഴ പള്ളിപ്പുറത്ത് നാല് ഏക്കര്‍ ഭൂമി ഇഎംസിസി കമ്പനിയ്ക്ക് നല്‍കിയത് ഉള്‍പ്പെടെയുള്ള രേഖകള്‍ പുറത്ത് വിട്ടു

Update: 2021-02-21 06:34 GMT

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ ആഴക്കടല്‍ മല്‍സ്യ ബന്ധന കരാര്‍ സംബന്ധിച്ചു പ്രതിപക്ഷ നേതാവ് കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ടു. ആലപ്പുഴ പള്ളിപ്പുറത്ത് ഇഎംസിസി കമ്പനിക്ക് നാല് ഏക്കര്‍ ഭൂമി അനുവദിച്ച രേഖയും കമ്പനിയുമായി കരാറാക്കിയ രേഖയുമായി പ്രതിപക്ഷ നേതാവ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിട്ടത്. ഇഎംസിസി പ്രതിനിധികളുമായി ന്യൂയോര്‍ക്കിലും കേരളത്തിലും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

പ്രതിപക്ഷ നേതാവ് ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ ജനങ്ങളുടെ മുന്നിലെത്തിക്കുക എന്നതാണ് പ്രതിപക്ഷ ധര്‍മ്മം. മുഖ്യമന്ത്രി അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ കരാറുകള്‍ റദ്ദാക്കണം. മന്ത്രി ഇപി ജയരാജനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്നത് സത്യം പുറത്ത് വന്നപ്പോഴുള്ള ജാള്യത കൊണ്ടാണ്. ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് അനുകൂലമായി മല്‍സ്യബന്ധന നയം സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയത് ഇഎംസിസി കമ്പനിയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

കള്ളം പിടികൂടിയപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് ട്രോളറുകള്‍ വരുന്നു എന്ന പിആര്‍ഡി പരസ്യം മന്ത്രി അറിയാതെയാണോ പുറത്തായത്. പെട്ടന്ന് മുളച്ച് പൊന്തിയ കരാറല്ലിത്. കുറേ നാളായി ഈ കരാറിന് പുറകിലായിരുന്നു മന്ത്രിമാരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News