കേരളത്തില്‍ കോണ്‍ഗ്രസ് നില്‍ക്കുന്നത് എല്‍ഡിഎഫിന്റെ കരുത്തിലെന്ന് മുഖ്യമന്ത്രി; വിമര്‍ശനത്തിന് അതീതനാണ് മുഖ്യമന്ത്രിയെന്ന് കരുതരുതെന്ന് സതീശന്‍

ആര്‍എസ്എസുകാര്‍ പ്രതികളായ ബോംബ് സ്‌ഫോടന കേസില്‍ പോലും അറസ്റ്റില്ലെന്ന് സതീശന്‍

Update: 2022-07-13 07:34 GMT

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് നില്‍ക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നത് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

'അന്ധമായ സിപിഎം വിരോധം വെച്ച് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് നല്ലതുപോലെ മനസില്‍ കരുതണം. രാജ്യത്തെ ഇടതുപക്ഷ മുഖങ്ങളായി കണ്ടിരുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ത്രിപുര. അവിടെ ബിജെപിക്ക് വലിയ തോതില്‍ സ്വാധീനമുണ്ടായിരുന്നില്ല. പക്ഷേ അവിടെ ഇടതുപക്ഷ മുന്നണിയെ തകര്‍ക്കാന്‍ വേണ്ടി ഉപയോഗിച്ചത് അവിടുത്തെ കോണ്‍ഗ്രസിനെയായിരുന്നു. കോണ്‍ഗ്രസിനെ ഒന്നിച്ച് അങ്ങോട്ട് വാരി. അങ്ങനെ എല്‍ഡിഎഫിനെ താഴെയിറക്കാന്‍ നോക്കി. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന് പറയുന്നത് പോലെയാണ് ഇവിടെ നടക്കുന്നത്. അങ്ങനെ വന്നപ്പോള്‍ ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലാതായി. ഇവരുടെ സ്ഥിതിയോ? നിങ്ങളെ ഏത് നിമിഷത്തിലും എവിടേയും വാരാനാകുമെന്ന ഉത്തമബോധ്യം ബിജെപിക്കുണ്ട്. പക്ഷെ, നിങ്ങളെ കൂട്ടത്തോടെ വാരിയാലും ഈ കേരളത്തില്‍ എല്‍ഡിഎഫിനെ തകര്‍ക്കാനാകില്ല. നിങ്ങള്‍ ഇപ്പോ ഇങ്ങനെ നിലനില്‍ക്കുന്നതിന് കാരണം ഞങ്ങളാണെന്ന് മനസിലാക്കണം. കേരളത്തില്‍ ബിജെപിക്ക് കരുത്താര്‍ജിക്കാന്‍ കഴിയാത്തത് എല്‍ഡിഎഫിന്റെ കരുത്ത് കൊണ്ടാണ്. ഇവിടെ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തണം, അതാണ് ബിജെപിയുടെ മനസിലുള്ളത്. അതിന് കോണ്‍ഗ്രസിനൊപ്പം നിന്ന് അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. തനിക്ക് തോന്നിയാല്‍ ഈ പറയുന്ന വിഭാഗത്തിലേക്ക് പോകും എന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവിനെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ മുന്നോട്ട് പോകുന്നത്', മുഖ്യമന്ത്രി പറ്ഞ്ഞു.

പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരിച്ചടിച്ചു. വര്‍ഗീയതക്ക് എതിരായ പോരാട്ടം എങ്ങനെ നയിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസെടുക്കുന്നു. ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ പാര്‍ട്ടിക്ക് വേണ്ടി രക്ത സാക്ഷികള്‍ ആയെന്നു പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ പറഞ്ഞ പിണറായി ഇപ്പോള്‍ മുഖ്യമന്ത്രി ആയപ്പോള്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കുന്നു. ആര്‍എസ്എസിന്റെ വോട്ട് നേടി സഭയില്‍ എത്തിയ ആളല്ലേ പിണറായി. 1977ല്‍ ആര്‍എസ്എസ് പിന്തുണയോടെ ജയിച്ച ആളാണ് പിണറായി. ആര്‍എസ്എസുകാര്‍ പ്രതികളായ ബോംബ് സ്‌ഫോടന കേസില്‍ പോലും അറസ്റ്റില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ബോംബ് സ്‌ഫോടന വാര്‍ത്താപരമ്പര പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മാനസികാവസ്ഥയാണ് മുഖ്യമന്ത്രിക്ക്. കാരണഭൂതനെന്ന സുഖിപ്പിക്കലിലൊന്നും വീഴരുത്. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനെന്നൊന്നും ധരിക്കരുതെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. ബോംബു സ്‌ഫോടന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. 

Tags:    

Similar News