സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറി, ക്രമസമാധാനം തകര്‍ന്നു; അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതോടെ സഭ വിട്ട് പ്രതിപക്ഷം

ഹരിദാസ് പരാതി നല്‍കിയപ്പോള്‍ നോക്കിയും കണ്ടും നടന്നാല്‍ മതിയെന്നാണ് പോലിസ് പറഞ്ഞതെന്ന് എന്‍ ഷംസുദ്ദീന്‍

Update: 2022-02-23 06:39 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനു പിന്നാലെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണെന്നും പോലിസ് നിഷ്‌ക്രിയത്വം കാരണമാണ് കൊലപാതക സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തി സഭ വിട്ടത്. 

ഗുണ്ടാ ഇടനാഴിയായി സംസ്ഥാനം

സംസ്ഥാനത്ത് ഇത്തരത്തില്‍ നിരന്തരം കൊലപാതകങ്ങള്‍ നടക്കുന്നത് പോലിസ് നിഷ്‌ക്രിയത്വം മൂലമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഷംസുദ്ദീന്‍ എം.എല്‍.എ ആരോപിച്ചു. തലശ്ശേരിയില്‍ ആര്‍എസ്എസുകാരാണ് പ്രതിയെങ്കില്‍ കിഴക്കമ്പലത്ത് പ്രതികള്‍ സിപിഎമ്മുകാരാണ്. ഹരിദാസിന്റെ കൊലപാതകം നടന്നത് പോലിസ് ഉദാസീനതമൂലമാണ്. ഹരിദാസ് പരാതി നല്‍കിയപ്പോള്‍ നോക്കിയും കണ്ടും നടന്നാല്‍ മതിയെന്നാണ് പോലിസ് പറഞ്ഞതെന്നും ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി.

Tags: