അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ 'ഓപ്പറേഷന്‍ യെല്ലോ' പദ്ധതി

Update: 2022-09-17 13:52 GMT

തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ 'ഓപ്പറേഷന്‍ യെല്ലോ' പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24X 7 പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പരിലും ടോള്‍ഫ്രീ നമ്പരിലും (മൊബൈല്‍ നം. 9188527301, ടോള്‍ഫ്രീ നം. 1967) അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 2013ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തില്‍ ആകെയുള്ള 92.61 ലക്ഷം കാര്‍ഡുടമകളില്‍ 43.94 ശതമാനം റേഷന്‍കാര്‍ഡുകാരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ പരിശോധനയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹരായ നിരവധി ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയും അപ്രകാരം കണ്ടെത്തിയ കാര്‍ഡുടമകളെ ഒഴിവാക്കി പകരം 2.54 ലക്ഷത്തോളം (2,54,135) പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കുന്നതിനും സാധിച്ചിട്ടുണ്ട്.

റേഷന്‍കാര്‍ഡുകള്‍ സ്വമേധയാ തിരികെ ഏല്‍പ്പിക്കുന്നതിന് നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ ഇനിയും നിരവധി അനര്‍ഹരായ കാര്‍ഡുടമകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Tags:    

Similar News