ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

അന്വേഷണം നടക്കുന്നത് രേഖകള്‍ കേന്ദ്രീകരിച്ചല്ലേ, വാഹനം കൈയില്‍ വയ്‌ക്കേണ്ടതുണ്ടോയെന്ന് കോടതി

Update: 2025-10-07 12:08 GMT

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്തത് രഹസ്യാന്വേഷണ വിവരത്തിന്റെയും ബോധ്യത്തിന്റേയും അടിസ്ഥാനത്തിലെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. ഓപ്പറേഷന്‍ നുംഖോറില്‍ ദുല്‍ഖര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കസ്റ്റംസിന്റെ വാദം. ഉടമസ്ഥാവകാശം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്നും ദുല്‍ഖറിന്റെ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വാദിച്ചു.

അതേസമയം വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി. ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഇത് പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഹൈക്കോടതി പറഞ്ഞത്. അപേക്ഷ തള്ളിയാല്‍ കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും കസ്റ്റംസിനോട് ഹൈകോടതി നിര്‍ദേശം നല്‍കി.

അന്വേഷണം നടക്കുന്നത് രേഖകള്‍ കേന്ദ്രീകരിച്ചല്ലേ, വാഹനം കൈയില്‍ വയ്‌ക്കേണ്ടതുണ്ടോയെന്ന് കോടതി ചോദിച്ചു. വാഹനം വിട്ടുകിട്ടണമെങ്കില്‍ 17 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി വേണമെന്ന് കസ്റ്റംസ് പറഞ്ഞു. അത് കെട്ടിവയ്ക്കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.

നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് പരിശോധിക്കാതെ കസ്റ്റംസ് വാഹനം കൊണ്ടുപോയെന്നുമാണ് ദുല്‍ഖര്‍ ഹരജിയില്‍ പറയുന്നത്. എന്നാല്‍ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇതിനെ കസ്റ്റംസ് എതിര്‍ക്കുന്നത്. ഈ വിഷയം ആദ്യമുന്നയിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രിബ്യൂണലിലാണ്. അത് ചെയ്യാതെ വാഹനം ഇപ്പോള്‍ തന്നെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കസ്റ്റംസ് പറയുന്നു.

കള്ളക്കടത്ത് വാഹനമാണെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥന് ഇതുമായി ബന്ധപ്പെട്ടുള്ള അധികാരമുണ്ട്. ഇത്തരത്തില്‍ നിയമപരമല്ലാതെ ഇറക്കുമതി ചെയ്ത നിരവധി വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നുണ്ട്. 130ലേറെ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയിലേക്ക് കടന്നത്. ഇപ്പോഴും പരിശോധനകള്‍ നടക്കുകയും സമന്‍സ് നല്‍കുകയും ചെയ്യുന്നുണ്ട്. പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. കസ്റ്റംസ് ആക്ട് പ്രകാരം ആറ് മാസം വരെ പരിശോധന നീളാം. അവയില്‍ ചില വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചു എന്നാണ് കസ്റ്റംസ് കോടതിയില്‍ പറഞ്ഞത്.

കഴിഞ്ഞമാസം അവസാനമാണ് ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഖര്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ താരങ്ങളുടെയും മറ്റു ചിലരുടേയും വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് ഘട്ടമായി ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags: