ഓപറേഷന്‍ ചാലിയാര്‍: മണല്‍മാഫിയക്കെതിരെ ശക്തമായ നടപടിയുമായി അരീക്കോട് പോലിസ്

Update: 2021-03-14 17:33 GMT

അരീക്കോട്: ചാലിയാറില്‍ അനധികൃത മണല്‍കടത്ത് വ്യാപകമെന്ന് അരീക്കോട് പോലിസ്. കഴിഞ്ഞ ദിവസങ്ങളിലായി അന്‍പതോളം ലോഡ് മണല്‍ വിവിധ കടവുകളില്‍ നിന്ന് പിടികൂടിയിരുന്നു. ഞാറാഴ്ച ചാലിയാറില്‍ നിന്നും മണല്‍ ശേഖരിക്കുകയായിരുന്ന അഞ്ച് തോണികള്‍ കൂടി പിടിച്ചെടുത്തു.

മലപ്പുറം എസ് പി എസ് സുജിത് ദാസിൻ്റ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫ്, അരീക്കോട് സി ഐ ഉമേഷ് എ, സബ് ഇന്‍സ്‌പെക്ടര്‍ വിവേക്, സിവില്‍ പോലിസുകാരായ സജീര്‍ സി പി, സിസിത്ത്, ബോട്ട് െ്രെഡവര്‍ അസ്‌കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍. മണല്‍ക്കടത്ത് പിടികൂടാന്‍ ഓപ്പറേഷന്‍ ചാലിയാര്‍ എന്ന പേരില്‍  പ്രത്യേക ടീമിനെ പോലിസ് രൂപീകരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിയോടെ പോലിസ് ബോട്ടിലെത്തിയാണ് മിന്നല്‍പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മണല്‍ലോറികള്‍ പിടികൂടുകയും കടവുകളില്‍ പ്രത്യേക പട്രോളിംഗ് നടത്തുകയും ചെയ്ത് പോലിസ് നടപടി ഊര്‍ജിതമാക്കിയിരുന്നു.

മണല്‍ക്കടത്ത് സംഘം വിദ്യാര്‍ത്ഥികളെ എസ്‌കോര്‍ട്ടാക്കി ഉപയോഗിക്കുന്ന പതിവും തുടങ്ങിയിട്ടുണ്ട്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പര്യം നഷ്ടപ്പെടും. ആവശ്യത്തില്‍ കൂടുതല്‍ പണം കയ്യിലെത്തുന്നതോടെ ഇവര്‍ വിദ്യാഭ്യാസം നിര്‍ത്താനും സാധ്യതയുണ്ടെന്ന് അരീക്കാട് അരീക്കോട് സിഐ ഉമേഷ് എ പറയുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ പ്രത്യേകശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു.