പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഒ.പി സംവിധാനം ആരംഭിക്കുന്നു

Update: 2021-02-04 04:18 GMT

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ ഒ.പി സംവിധാനം പ്രവര്‍ത്തനമാരംഭിക്കുന്നു. മെഡിക്കല്‍ കോളേജ് ആരംഭിച്ച കാലം മുതല്‍ ജനങ്ങളുടെ പ്രധാന ആവശ്യമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നത്.

ഒ.പി വിഭാഗം, ഓപ്പറേഷന്‍ തിയറ്ററുകള്‍, വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന 500 ബെഡുകള്‍ ഉള്ള ആശുപത്രി ബ്‌ളോക്കിനായി 330 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ ഒ.പി ബ്‌ളോക്ക് പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. മറ്റു രണ്ടു ബ്ലോക്കുകളും ഈ വര്‍ഷം തന്നെ പ്രവര്‍ത്തനയോഗ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിനു പുറമേ, അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 406 തസ്തികകള്‍ മെഡിക്കല്‍ കോളേജില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒപി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മാത്രമായി 101 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഇതു കൂടാതെ 12 മേജര്‍ സ്‌പെഷ്യാലിറ്റി ഒപികള്‍, 12 അത്യാധുനിക മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍, രാജ്യാന്തര നിലവാരത്തിലുള്ള ലെവല്‍1 ട്രോമ കെയര്‍, നൂതന പീഡിയാട്രിക് വിഭാഗം, എമര്‍ജന്‍സി മെഡിസിന്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ന്യുമാറ്റിക് ട്രാന്‍സ്ഫര്‍ സിസ്റ്റം എന്നിവയും എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പാലക്കാട് നിവാസികളെ സംബന്ധിച്ചിടത്തോളം വിദഗ്ധ ചികിത്സയ്ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ വലിയ തോതിലുള്ള പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Tags: