ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരേ ചാണ്ടി ഉമ്മന്‍ എംഎല്‍എ സുപ്രിംകോടതിയില്‍. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ ഉടന്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മന്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ കക്ഷി ചേരാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. എസ്‌ഐആറിനെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്‍പ് എന്യൂമേറഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കാന്‍ തിടുക്കമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം എന്യൂമേറഷന്‍ ഫോം ഉടനടി ഡിജിറ്റലൈസ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎല്‍ഒമാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന പരാതി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ഉയരുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂള്‍ അനുസരിച്ച് എന്യൂമറേഷന്‍ ഫോം സ്വീകരിച്ച് ഡിജിറ്റലൈസ് ചെയ്യാന്‍ ഡിസംബര്‍ നാലുവരെ സമയമുണ്ട്. എന്നാല്‍ ചില ജില്ലകളില്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചത്. ബുധനാഴ്ച സുപ്രിംകോടതി ഹരജി പരിഗണിക്കും മുന്‍പ് ജോലി പൂര്‍ത്തിയാക്കാന്‍ കമ്മീഷന് തിടുക്കമാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.