അഡ്വ. എ പൂക്കുഞ്ഞ് മുസ്‌ലിം സമുദായത്തിലെ അസാമാന്യ നേതാവെന്ന് ഉമ്മന്‍ ചാണ്ടി

Update: 2020-10-29 09:59 GMT

തിരുവനന്തപുരം: കഴിഞ്ഞയാഴ്ച വിട പറഞ്ഞ കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സ്ഥാപക നേതാവും പ്രസിഡന്റുമായിരുന്ന അഡ്വ. എ പൂക്കുഞ്ഞ് മുസ്‌ലിം സമുദായത്തിലെ അസാമാന്യ നേതൃപാടവത്തിന്റെ ഉടമയായിരുന്നു എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദി ഫ്രൈഡേ ടൈംസ് ഇറക്കിയ അഡ്വ. എ പൂക്കുഞ്ഞ് സ്മരണിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങളെ സംബന്ധിച്ച് സര്‍ക്കാരിനെയും രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കളെയും ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ പലപ്പോഴും എനിക്കും പ്രചോദനം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുസ്മരണ പത്രിക പ്രകാശനം ചെയ്യാന്‍ ലഭിച്ച ഈ അവസരം ഒരു നിമിത്തമായി കരുതുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സിലിന്റെ ദി ഫ്രൈഡേ ടൈംസിന്റെയും സ്ഥാപകരിലൊരാളായ അദ്ദേഹം മുസ്‌ലിം സമുദായത്തേക്കാളുപരി മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയത്. ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയും മാത്രം മുഖ്യ ലക്ഷ്യമായി കരുതിയ അദ്ദേഹം അണുവിട വിട്ടുവീഴ്ചയില്ലാതെ അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും സമരം ചെയ്യുകയും ലക്ഷ്യം നേടും വരെ ഉറച്ചുനില്‍ക്കുകയും ചെയ്തത് വരും തലമുറക്ക് മാതൃകയാണ്.

1982ല്‍ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ഇതേപൊലൊരു നബിദിന ദിവസം ആലപ്പുഴയില്‍ നബിദിന റാലിക്ക് നേരെ നടന്ന ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പോലിസ് വെടിവെപ്പിനെതിരെ രോഷാകുലരായ ജനവിഭാഗത്തെ നിയന്ത്രിക്കുന്നതില്‍ അന്നത്തെ സര്‍ക്കാരിന് സഹായകരമായ നിലയില്‍ എല്ലാ സഹകരണങ്ങളും മുന്നില്‍ നിന്ന് നടത്തിയ ആളാണ് അഡ്വ. പൂക്കുഞ്ഞ് സാഹിബ്. അദ്ദേഹത്തിന്റെ വിയോഗം മുസ്‌ലിം സമുദായത്തിന് മാത്രമല്ല ഈ നാടിന് ഒന്നടങ്കം തീരാ നഷ്ടമാണ്.

പ്രകാശന ചടങ്ങില്‍ ചീഫ് എഡിറ്റര്‍ എ എം നദ്വി, എക്സിക്യൂട്ടീവ് എഡിറ്റര്‍ മുബാറക് റാവുത്തര്‍, കേരള മുസ്‌ലിം ജമാഅത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റും തിരുവനന്തപുരം പൗരാവലി ചെയര്‍മാനുമായ നസീര്‍ കടയറ, കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജമീര്‍ ശഹാബ്, യൂത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് നജീബ് നേമം, ജമാഅത്ത് സ്റ്റുഡന്റ്സ് കൗണ്‍സില്‍ സംസ്ഥാന കോഡിനേറ്റര്‍ ശാമില്‍ അമീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News